

ഇവിടെ ഒരാള്‍ ജീവിതം വരച്ച് കൊണ്ടേയിരിക്കുന്നു..! തന്‍റെ കൊച്ചുമുറിയുടെ നാലു ചുവരുകള്‍ക്കുള്ളിലൊതുങ്ങി,കിളിവാതിലിലൂടെ താന്‍ നിത്യവും കണ്ട്കൊണ്ടിരിക്കുന്ന പക്ഷികളും കുരുവികളും വൃക്ഷത്തലപ്പുകളും ആകാശക്കീറുകളുമൊക്കെ...അങ്ങിനെ ഒരുപാട് പ്രകൃതിദൃശ്യങ്ങള്‍ തന്‍റെ കേന് വാസില്‍ പിറക്കുന്നു. എന്നാലൊ,പിറന്ന് വീഴുന്ന ചിത്രങ്ങള്‍ക്ക് കലയുടെ അതിസൂക്ഷ്മമായ വിവിധഭാവങ്ങളും സൂക്ഷ്മതലങ്ങളും പ്രതിഫലിപ്പിക്കുന്നവയും.സര്‍ഗശക്തിയുടെ കരുത്തില്‍ തന്‍റെ ദുര്‍ബലമായ കരങ്ങള്‍ കൊണ്ട് പൊരുതുകയാണവന്‍..! ചിത്രകലയില്‍ തന്‍റേത് മാത്രമായ നൂതനമാര്‍ഗം വെട്ടിപ്പിടിച്ചിരിക്കുന്നു ഈ ചെറുപ്പക്കാരന്‍.
ചിത്രകലയുടെ പാരമ്പര്യ രീതികളെ തിരസ്കരിച്ച ഈ കലാകാരന്‍,ബ്രഷിനും പെയിന്‍റിനും പകരം ബോള്‍പേനകളെ ആശ്രയിക്കുന്നു.കാരണം ബ്രഷുകള്ക്കൊപ്പം കയ്യും വിരലുകളും യഥാവിധി ചലിപ്പിക്കാനുള്ള ശേഷിയില്ല...!! അതുകൊണ്ടവന്‍ വിരലുകള്‍ക്കിടയില്‍ ബോള്‍പെന്‍ തിരുകിവെച്ച് വരക്കാനുള്ള അദമ്യമോഹം പൂവണിയിക്കുന്നു.പേനയുടെ ചെറുസുഷിരത്തിലൂടെ ഒഴുകിയെത്തുന്ന നേര്‍ത്ത രേഖകള്‍ പരസ്പരം ചേരുമ്പോള്‍ അതൊരു മഹാവിസ്മയമായിത്തീരുന്നു.തന്‍റെ ആദ്യചിത്രം മുഴുമിക്കാനായത് മൂന്നര മാസത്തെ ശ്രമത്തിനൊടുവില്‍.പിന്നീട്,തിരിഞ്ഞുനോക്കേണ്ടിവന്നില്ല.തന്‍റെ ദുര്‍ബലമായ ശരീരം മുഴുവന് വരയുടെ ലഹരിയില്‍ കോരിത്തരിക്കുന്ന പോലെ...ശരീരത്തിന്‍റേയും മനസ്സിന്‍റേയും വേദനകളെ ഒരുപോലെ മറക്കാന്‍ കഴിയുന്ന ലഹരി..താന്‍ വരക്കാനായി ബോള്‍പെന്‍ തെരഞ്ഞെടുത്തതിന്‍റെ രഹസ്യം സുരേന്ദ്രന്‍ തന്നെ വ്യക്തമാക്കുന്നതിങ്ങനെ:“ബോള്‍പെന്‍ കൊണ്ട് ഒരു ചിത്രം മുഴുമിക്കാന്‍ മാസങ്ങള്‍ വേണ്ടിവരും..ഞാനതില്‍ പൂര്‍ണമായും മുഴുകും,അത്രയും നാളുകള്‍ എന്‍റെ ശാരീരികവേദനകളും മാനസീകപ്രയാസങ്ങളും സ്വയം മറന്നിരിക്കും...!!”
20വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒമ്പതാം ക്ളാസ്സില്‍ പഠിച്ച് കൊണ്ടിരിക്കുംപ്പോളാണ്‍ സുരേന്ദ്രന്റ്റെ കാലുകളിടറിത്തുടങ്ങുന്നത്.പുസ്തകസഞ്ചിയും തൂക്കി തുള്ളിച്ചാടി വീട്ടിലേക്ക് വരുന്ന വഴി,പിന്നില്‍ നിന്ന് ആരോ പിടിച്ച്തള്ളിയ പോലെ മുട്ടുകുത്തി വീണു.പിന്നെ ഇത്തരം വീഴ്ചകള്‍ തുടര്‍ന്നപ്പോള്‍ പലവിധഗ്ദ ഡോക്ടര്‍മാരുടെയും ചികിത്സ തേടി...അങ്ങിനെ ഈ അസുഖത്തിന്‍ ചികിത്സ നടത്തുന്നതിനിടയില്‍ പത്താം ക്ളാസ്സ് പരീക്ഷ അടുത്ത ഒരുനാളില്‍ മറ്റോരു രോഗം അവനെ മുച്ചൂടും കീഴ്പെടുത്തി....ഡിഫ്തീരിയ !! ശരീരം പറ്റെ തളര്‍ന്നു,രണ്ട് വര്‍ഷത്തോളം ആശുപത്രിയിലും വീട്ടിലുമായി ഒരേ കിടപ്പ്,ഏറെ സങ്കടം വിദ്യഭ്യാസം നിലച്ചതിലാണ്‍.ഒരുതുള്ളിവെള്ളം പോലും തൊണ്ടവഴി ഇറക്കാനാവാതെ മൂക്കില്‍ കുഴലിട്ട ആ കിടപ്പ് ഭീകരമായിരുന്നു.ഒടുവില്‍ ഇനിയൊരു ചികിത്സയുമില്ല,എന്ന കാര്യത്തില്‍ വൈദ്യശാസ്ത്രം ഈ അസുഖത്തിനൊരു പേര്‍ മാത്രം പറഞ്ഞൊഴിഞ്ഞു..!!“സ്പൈനല്‍ മസ്കുലറ് അട്രോഫി”..കേള്‍ക്കാന്‍ എന്തൊരു സുന്ദരന്‍ പേര്‍...!
ഈ ദുരിതക്കയത്തില് മുങ്ങിത്താഴ്ന്ന് തുടങ്ങിയ സുരേന്ദ്രന് പിന്നീടൊരിക്കലും
താനകപ്പെട്ട ചുഴിയില്നിന്നും മോചനം ലഭിച്ചില്ല.കഴിഞ്ഞ് പോയ നാളുകളിലെ തന്റെ സുന്ദരസ്മരണകള് അയവിറക്കിയ സുരേന്ദ്രന്റെ ദു:ഖമൊഴികളിങ്ങനെ :“സ്കൂളില് ഞാന് കലാ-കായിക രംഗങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്നു…ചിത്രരചന,ക്ളേമോഡലിംഗ്, ഹാറ്ഡ് ബോഡ് ഡിസൈനിംഗ് തുടങ്ങിയ ഒട്ടുമിക്ക ഇനങ്ങളില് മത്സരിക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ഒരുപാട് സമ്മാനങ്ങള് വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്.നാടത്തിലെ അഭിനേതാക്കള്ക്ക് മേക്കപ്പ് ചെയ്ത് കൊടുക്കലായിരുന്നു പ്രധാന ഹോബി.‘സംഘചേതന’ എന്ന നാടക ട്രൂപ്പിലെ അംഗമായിരുന്നു.എന്റെ ഈ അസുഖാവസ്ഥയില് എന്നെ ഏറെ അലട്ടിക്കൊണ്ടിരിക്കുന്ന തീവ്രദു:ഖം,എന്റെ കൂട്ടുകാരൊക്കെ കൈവിട്ട്പോയി എന്നതത്രേ….”
എല്ലാവിധ വേദനകളോടും,കടുത്ത ദു:ഖങ്ങളോടും ഒറ്റപ്പെടലിനോടും വിടപറയാന് ഒടുവില് കണ്ടെത്തിയ ബോള്പെന്നുകളുടെ കൂട്ട് അനുഗ്രഹമായി അനുഭവിക്കാനാവുന്നു അവന്.പതിനഞ്ച് വര്ഷമായി സുരേന്ദ്രന് അങ്ങിനെ നിരന്തരം വരച്ച് കൊണ്ടേയിരിക്കുന്നു.മൂന്ന് കൊല്ലം മുമ്പാണ് ഈയുള്ളവന് സുരേന്ദ്രനെ പരിചയപ്പെടുന്നത്.കണ്ണൂര് ടൌണ് ഹാളില് “ശരീരം തളര്ന്ന സുരേന്ദ്രന്റെ ചിത്രപ്രദര്ശനം തുടങ്ങി”യെന്ന പത്രവാര്ത്ത ശ്രദ്ധയില് പെട്ടയുടന് എന്റെ വീല്ചെയര് അങ്ങോട്ട് ഉരുളുകയായിരുന്നല്ലൊ.ചെന്നു…കണ്ടു,അങ്ങിനെ അടുത്ത സുഹൃത്തുക്കളായിതീര്ന്നു ഞങ്ങള്.!!
നല്ല മൊഞ്ചുള്ളൊരു യുവകോമളന് ചക്രക്കസേരയില് ചുരുണ്ട്കൂടിയങ്ങിനെ ഇരിക്കുന്നു. എന്നാല്,ഒരു മഹാവിസ്മയം പോലെ,താന് വരച്ച ചിത്രങ്ങള് വിവിധവര്ണങ്ങളിലും സങ്കല്പങ്ങളിലും ഭാവങ്ങളിലും ടൌണ്ഹാളിന്റെ ചുമരുകളില് പുഞ്ചിരിയോടെ തൂങ്ങിയാടൂന്നു…! അന്നദ്ദേഹം 40 ഓളം ചിത്രങ്ങളാണ് പ്രദര്ശിപ്പിച്ചത്.
സുരേന്ദ്രനിപ്പോള് തിരക്കിലാണ്,യാത്രാതിരക്കിലാണിപ്പോള്…..തന്റെ ചിത്രങ്ങളുമായി നാട് ചുറ്റുന്നു.കോഴിക്കോട്,ബംഗ്ലൂരു ചെന്നൈ,മുംബൈ എന്നിവിടങ്ങളിലൊക്കെ പ്രദര്ശനം നടന്നു.ഇതിലേറ്റവും ഹൃദ്യമായ അനുഭവം ലഭ്യമായത്,മുംബൈയിലെ “ജഹാംഗീര് ആര്ട്ട് ഗാലറിയിലെ”പ്രദര്ശനതിനിടയിലാണ്.ഈ പ്രദര്ശനത്തിലാണ് തന്റെ ഒരു പാട് രചനകള് മോശമല്ലാത്ത വിലക്ക് വിറ്റുപോയതും.കൂടാതെ മുംബൈയിലെ അസിസ്റ്റെന്റ് കമ്മീഷണര് പ്രത്യേകതാല്പര്യമെടുത്തിന്റെ ഫലമായി ഒരുമാസത്തിലേറെ അവിടുത്തെ വലിയൊരു ആശുപത്രിയില് ചികിത്സയും ലഭ്യമായിട്ടുണ്ട്.
ഇടക്ക് തന്റെ രചനാവൈഭവത്തിന് അംഗീകാരമായി “കേസരി കിയാഫ്” പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.കോഴിക്കോട് നടത്തപ്പെട്ട ആ ചടങ്ങില് അവാര്ഡ് ഏറ്റുവാങ്ങിയത് ശ്രീ:വീരേന്ദ്രകുമാറില് നിന്നായിരുന്നു.സുരേന്ദ്രന്റെ ഉപജീവനം ചിത്രങ്ങള് വിറ്റുകിട്ടുന്ന വരുമാനം കൊണ്ട്മാത്രമാണെന്ന് നാമറിയുക.തന്റെ വരയുടെ സുപ്രധാന ലക്ഷ്യം ആര്ക്കും ഒട്ടും ഭാരമാവാതെ ജീവിതമാര്ഗം കണ്ടെത്തുക എന്നത് തന്നെയാണ്.ജീവിതത്തെ ഏറെ സ്നേഹിക്കുമ്പോഴും,ചിത്രരചനയിലൂടെ തനിക്കിനിയും ഔന്നത്യത്തിലേക്ക് ഉയരേണ്ടതുണ്ടതുണ്ടെന്നും അതിന് നിതാന്തപരിശ്രമമാണാവശ്യമെന്നും ഉറപ്പിച്ച്കൊണ്ട് മുന്നേറുകയാണവന്.
അതുകൊണ്ട് സുരേന്ദ്രന് കണ്ണൂര് ചേലേരിയിലെ പഴയ വീട്ടിലെ കൊച്ചു മുറ്യിലിരുന്ന് നീലയും,ചുവപ്പ്പും പച്ചയും കറുപ്പും മഷിനിറമുള്ള ബോള്പെന്ന് കൊണ്ട് ജീവിതം വരച്ച് തീര്ക്കുകയാണ്….ഒരു വാശി പോലെ..സദാ പ്രയത്നത്തിലാണ്..! തന്റെ തളര്ന്ന് കൊണ്ടിരിക്കുന്ന വിരലുകള് തീര്ത്തും നിശ്ചലമാകുന്നത് വരേ,അതില് പേന തിരുകി പ്പിടിക്കാന് ശേഷിയുള്ളടുത്തോളം കാലം താനീ വര അക്ഷീണം തുടരും എന്ന ദൃഡനിശ്ചയത്തിലാണ് സുരേന്ദ്രന്.ദുര്ബലമായ ആ വിരല്ക്കൊടികള് ഇനിയുമൊരുപാട് കാലം അനുസ്യൂതം ചലനാത്മകമായി നിലനില്ക്കുകയും, ശക്തമായ ഒരു തിരിച്ച് വരവ് തന്റെ ആരോഗ്യത്തിലുണ്ടാവാനും നമുക്ക് ആശിക്കാം,ആശംസിക്കാം പ്രാര്ഥിക്കാം….

(സുരേന്ദ്രനില് നിന്ന് ചിത്രങ്ങള് വാങ്ങാന് താല്പര്യമുള്ളവര്ക്ക്,ബന്ധപ്പെടാം..ആവശ്യക്കാരുടെ താല്പര്യവും പ്രമേയവുമനുസരിച്ച ചിത്രങ്ങള്‍ വരച്ച് നല്‍കും.)
C.V.SURENDRAN
ARTIST
KANNADIPARAMBA (PO)
KANNUR (DT) PIN 670604
PHONE : 9895 361 684
Email : suran33@gmail.com/