Saturday, April 10, 2010

ജീവിക്കാന്‍ കൊതിയോടെ...

“ഹലോ....രാജേഷ്, നമസ്കാരം...സുഖമാണല്ലോ....ഞാന്‍ ഹാറൂണ്‍,കണ്ണൂരിന്നാ വിളിക്കണത്” രാജേഷ് : ഈ നമ്പറെങ്ങിനാ ലഭിച്ചേ...ആരാത് തന്നേ....?
ഞാന്‍ : കോട്ടയത്തെ , നിന്നെ പരിചയമുള്ള പാലിയേറ്റീവ് വളന്‍റിയറാ എനിക്കീ നമ്പര്‍ തന്നേ... എന്തൊക്കെയാ വിശേഷങ്ങള്‍...
രാജേഷ് : എന്നാ വിളിച്ചേ....കാര്യമെന്താണെന്ന്, പെട്ടെന്ന് പറയ്....
ഞാന്‍ : വല്ല,തിരക്കിലുമാണോ രാജേഷ്...ഞാനും നിന്നെപ്പോലെ കിടപ്പിലാ...നാലു വര്‍ഷമായി കിടപ്പിലായിട്ട്. (പുതുതായി പരിചയപ്പെടുന്നവരോട്,എന്‍റെ അവസ്ഥ സാധാരണ മറച്ചു വെക്കാറാണ് പതിവ്)
രാജേഷ് : അവിടെ ചുമ്മാ കിടന്നാ പോരായോ,എന്നാ വിളിച്ചേ.. പെട്ടെന്ന് പറഞ്ഞ് തീര്‍ക്ക്, ഞാനിത്തിരി തിരക്കിലാ, പണിയുണ്ട്....
രാജേഷിന്‍റെ മുന്നില്‍ ഉത്തരം മുട്ടിയ ഞാന്‍ ഒരു നിമിഷം അന്തം വിട്ടുപോയി...“രാജേഷിപ്പോള്‍ നല്ല മൂഡിലല്ലാന്നാ തോന്നണേ, നിങ്ങളൊരു കാര്യം ചെയ്...ഈ നമ്പര്‍ സേവ് ചെയ്യൂ. എപ്പോഴെങ്കിലും വിളിക്കണംന്ന് തോന്നുമ്പോ ഒരു മിസ്സിട്ടേക്ക്... ഇത് രാജേഷിനുള്ള ഒരു സ്പെഷല്‍ ഓഫറാണെന്ന് കരുതാം...” ഇത്രയും പറഞ്ഞ് ഞാന്‍ ഫോണ്‍ ഡിസ്ക്കണക്റ്റ് ചെയ്തു.
ഇതു ഹാറൂണ്‍ എന്ന ഞാനും,രാജേഷും തമ്മിലുള്ള ഒന്നാമത്തെ ടെലിഫോണ്‍ സംഭാഷണം.

രാജേഷിന് പ്രായം 38, വര്‍ഷങ്ങള്‍ക്ക് മുമ്പെ മസ്ക്കുലര്‍ ഡിസ്റ്റ്രോഫി എന്ന രൊഗത്തിന് വഴിപ്പെട്ട് ശരീരം ഭാഗീകമായി തളര്‍ന്നു തുടങ്ങി.... ഇപ്പോള്‍ പൂര്‍ണ്ണമായി തളര്‍ന്നുപോയി...! അമ്മ ചെറുപ്പത്തിലേ വിടപറഞ്ഞു.. പിന്നെ ആകെയുള്ളത് പ്രായമേറിയ അച്ചന്‍, അദ്ദേഹമാണ് രാജേഷിന്‍റെയെല്ലാമെല്ലാം... കൂടെ അനുജനും ഭാര്യയുമുണ്ട്... പിന്നെ തന്നെ ചുമക്കുന്ന കട്ടിലും ചുമരിലെ കൊച്ചു ജാലകവും, അതിലെ വെളിപ്പെടുന്ന കുറച്ചു പച്ചപ്പുകളും ചെറിയൊരു ആകാശക്കീറുമായാല്‍ രാജേഷിന്‍റെ ചരിത്രം പൂര്‍ണമായി....!! ഞങ്ങളുടെ ആദ്യസംഭാഷണത്തിനു ശേഷം നാലാന്നാള്‍ രാജേഷിന്‍റെ മിസ്സ്ഡ് കാള്‍...ഉടന്‍ തിരിച്ചു വിളിച്ചു... “സാര്‍, എന്നോട് ക്ഷമിക്കണം... അന്ന് വിളിച്ചപ്പൊ സാറിനോട് ഒരു മൂഡില്ലാതെയാ സംസാരിച്ചേ....”
ഞാന്‍ : ഹേയ് അതൊന്നും സാരമില്ലന്നേ, നമ്മളൊക്കെ മനുഷ്യരല്ലേ.... ഇതൊക്കെയാണല്ലൊ ജീവിതം. രാജേഷിനെന്താ അന്ന് തീരേ മൂഡില്ലാന്ന് പറയാന്‍ കാരണം..?
രാജേഷ് : സാറ് വിളിച്ച സമയം ഇവിടെ വീട്ടിലാരും ഇല്ലാരുന്ന്, ഒരുപാട് ദുഷിച്ച ചിന്തകള്‍ എന്‍റെ മനസ്സിന്‍റെ സന്തുലിതത്വം ചോര്‍ത്തിക്കളഞ്ഞു.... ഇങ്ങിനെ ഞാനെത്ര കാലം ജീവിക്കും... ഈ ജീവനങ്ങ് അവസാനിപ്പിച്ച് കളഞ്ഞേക്കാം എന്ന ഒരൊറ്റ ചിന്ത...ഒരു ഭാരമായി ഞാനെന്തിനു കാലം കഴിക്കണം...പക്ഷെ ആത്മഹത്യക്കുള്ള കഴിവു പോലുമില്ലല്ലൊ.... ഒരു തുണ്ട് ബ്ലേഡ് ലഭിച്ചെങ്കിലോന്ന് ആലോചിച്ച നേരം, അതും കയ്യെത്താവുന്ന അകലത്തിലുമല്ല...!! അന്നങ്ങിനെ വല്ല ദൌര്‍ബല്യവും സംഭവിച്ചുപോയെങ്കില്‍, ഇന്ന് ഞാനിങ്ങനെ നിങ്ങളുമായി സംസാരിക്കാന്‍ ബാക്കിയാവില്ലായിരുന്നു... ഇത് കേട്ട പാടെ സ്തബ്ദനായ ഞാന്‍ ചോദിച്ചു : രാജേഷിന് അത്തരം ചിന്തകള്‍ ഇനിയും തോന്നിയേക്കുമോ..? “ഹേയ്,ഒരിക്കലുമില്ല...എനിക്കിപ്പോള്‍ ഒരു ‘ചേട്ടായി’യെ കിട്ടീല്ലേ...” അന്ന് ഞങ്ങള്‍ അര മണിക്കൂറിലേറെ സംസാരിച്ചു.പിന്നീട് പലപ്പോഴും ഞങ്ങളുടെ മുതുകിനെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഫോണിലൂടെ ഇറക്കിവെച്ചു കൊണ്ടിരിക്കും.പലപ്പോഴും വേദനകളും പ്രയാസങ്ങളും പങ്ക് വെക്കും. അവനു സമാശ്വാസം കിട്ടുവോളം ഞാനവ കേട്ട് കൊണ്ടിരിക്കും...പയ്യെപ്പയ്യെ അവന്‍ ഉന്മേഷവാനായിത്തുടങ്ങി, ഇടക്ക് ഞാന്‍ അവനെ പ്രകോപിപ്പിക്കും...“ നോക്കൂ,രാജേഷ്..നിനക്കൊരു ഇണയെ വേണ്ടേ..! നിനക്കാവശ്യമായ സേവനം ചെയ്യാനും,നിന്നെ സ്നേഹിക്കാനും കഴിയുന്ന ഒരിണയെ....!!” അവന്‍ രോഷത്തോടെ മൊഴിയും...“ ഈ ഉണക്കകമ്പ് പോലായ എന്നെയൊക്കെ ആര്‍ തിരിഞ്ഞു നോക്കാനാ..” നാളുകള്‍ കഴിഞ്ഞൊരു ദിവസം രാജേഷ്,തെല്ല് അങ്കലാപ്പോടെ എന്നോട് : “ചേട്ടായ്, പഴയ പത്രതാളില്‍ കണ്ട വിവാഹപരസ്യത്തിലെ ഒരു നമ്പറില്... ചുമ്മാതങ്ങ് വിളിച്ചേ... അവിടുത്തൊര് ചേച്ചിയാ ഫോണെടുത്തേ... അവര് നല്ല താല്പര്യത്തോടെയാ സംസാരിച്ചത്...ഞാനെന്‍റെ കിടപ്പിലായ അവസ്ഥയൊക്കെ തുറന്ന് പറഞ്ഞു..... അവരെന്നെ പരിഹസിച്ചു ചിരിക്കാരുന്നെന്ന് തോന്നി..... ഇത്തിരിനേരം കഴിഞ്ഞപ്പൊ, ആ ചേച്ചീടെ അനുജത്തി ‘മിനി’യെന്നെ വിളിക്കുന്നു....!! ഇക്കാ മിനിയെന്നോട് പറയാ “ഞാന്‍ നിങ്ങളെ സ്വീകരിക്കാന്‍ തയാറാണ് .......!!!!!” കേട്ടപാടെ ഞാന്‍ രാജേഷിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു : “രാജേഷ്,ഈ സൌഭാഗ്യം ഇരു കരങ്ങളും നീട്ടി സ്വീകരിക്കാം... ഇത് ദൈവം നിനക്കായി കനിഞ്ഞരുളിയതാ.” പുലിവാല് തുടങ്ങുന്നത് പിന്നീടാണ്,അവളുടെ വീട്ടുകാര്‍ക്കൊട്ടും സമ്മതമില്ല.മിനിയാണെങ്കില്‍ നിര്‍ബന്ധം പിടിക്കുന്നു.... ഭൂമിയിലാരും ഇങ്ങിനെയൊരു ബന്ധം സമ്മതിക്ക പോയിട്ട്, ആലോചിക്ക പോലുമില്ല..!!

അങ്ങിനെ രാജേഷും മിനിയും ഫോണ്‍ബന്ധം തകൃതിയായി തുടരുന്നതിനിടയില്‍,ഒരു ദിവസം മിനിയതാ രാജേഷിന്‍റെ വീട്ടില്‍ തനിച്ച് ഹാജരാവുന്നു....!!! അത്രയും ബേജാറില്‍ രാജേഷെന്നെ ഇതിനു മുമ്പ് വിളിച്ചിട്ടേയില്ല....“ചേട്ടായ്, അവളിങ്ങ് പോന്നു.. ഇനിയെന്താ ചെയ്യാ, എനിക്കാകെ പേടിയാവുന്നു....!!! ഞാനൊക്കെ വെറും കളിയെന്നാ വിചാരിച്ചേ... ഇപ്പൊ കളി കാര്യായിരിക്കുന്നല്ലോ..” അവന്‍ സംഭവം വിവരിച്ചു... ഇതോടെ അവന്‍റെ വീട്ടിലും വീര്‍പ്പുമുട്ടലായി,ബലൂണ്‍ കണക്കെ വീര്‍ത്ത് ഇപ്പം പൊട്ടുമെന്നവസ്ഥ...ഒരുവേള ഞാനെന്‍റെ അമ്മയെ ഓര്‍ത്തു...അമ്മയുണ്ടായിരുന്നെങ്കില്‍ ഒന്നിനും വയ്യാതെ കിടക്കുന്ന എന്നെ സേവിക്കാനും, സ്നേഹിക്കാനുമായി വന്ന മിനിയെ പൂവിട്ട് പൂജിച്ചേനെ..! എനിക്ക് നാവിറങ്ങിയ പോലെ... ഫോണില്‍ വായാടിയായ മിനിയാണേല്‍ കടുത്ത മൌനവും.... എന്‍റെ തൊണ്ട വരളുന്നപോലെ,കടുത്തദാഹം... ഗത്യന്തരമില്ലാതെ ഒരു ഗ്ലാസ് വെള്ളം ചോദിക്കും മുമ്പെ മിനി വെള്ളവുമായി റെഡി..!!! ഇതിന് സാക്ഷിയം വഹിച്ച അച്ചന്‍ സന്തോഷം കൊണ്ടോ സന്താപം കൊണ്ടോ അശ്രുക്കള്‍ പൊഴിക്കണത് കണ്ടു... മിനിയുടെ സഹായത്താല്‍ വെള്ളം മുഴുക്കെ കുടിച്ചു..... എന്‍റെ മനവും തനുവും തണുത്തു... ഹാ.. എന്തൊരാശ്വാസം... ജീവിതത്തിലാദ്യമായല്ലേ ഇങ്ങിനൊരനുഭവം.. ഞാന്‍ മിനിയെ കണ്‍കുളിര്‍ക്കെയൊന്ന് നോക്കി....കുറച്ച് കഴിഞ്ഞ് അച്ചന്‍ അടുത്തേക്ക് വന്നു.. “ഇനിയെന്തായാലും ഇത്രേമൊക്കെ കാര്യങ്ങളെത്തിയ നിലക്ക് ഞാനായിട്ട് എതിര് നില്‍ക്കുന്നില്ല...ഉള്ളത്പോലെ നമുക്ക് ഒരു കുടുംബമായി കഴിയാം...” ഇതും പറഞ്ഞ് അച്ചന്‍ അടുക്കളയിലേക്ക് പോയി ക്ഷണനേരം കൊണ്ട് രണ്ട് കപ്പ് കാപ്പിയുമായി വന്നു...! “മോളെ ഇത് അവനെ കുടിപ്പിക്ക്....നീയും കുടിക്ക്.... ഇവിടെ വെച്ചുണ്ടാക്കാനുള്ളത് അച്ചനിപ്പൊ അങ്ങാടീന്ന് വാങ്ങിവന്നേക്കാം..” തനിച്ചായപ്പൊ ഞങ്ങള്‍ക്കൊന്നും സംസാരിക്കാനാവുന്നില്ല, മുഖത്തോട് മുഖം നോക്കിയിരിക്കെ മിനി തന്നെ മൌനം ഭഞ്ജിച്ചു,.. “ചേട്ടന്‍ പേടിച്ചു പോയോ...? “ഹേയ്, ഇല്ലന്നേ... അങ്ങിനൊന്നുമില്ലന്നെ... എന്നാലും മിനിയേ നീ എന്തിനാ ഇങ്ങിനെ ഒളിച്ചോടിപ്പോന്നേ.... കുറച്ചുകൂടി കാത്തിരിക്കാരുന്നില്ലേ..? ഒരാഴ്ചയോളം മിനി ആ വീട്ടില്‍ കഴിഞ്ഞു, വിവാഹം കഴിക്കാതെ തന്നെ..! ആ കൊച്ചുകുടുംബത്തിന് ഒരു താലിമാല സംഘടിപ്പിക്കല്‍ കഴിവിനപ്പുറമായിരുന്നല്ലോ...!! ആ പാവം അച്ചന്‍ ഒരാഴ്ചക്കകം ഓടിനടന്ന് അവസാനം തന്‍റെ മകന് വേണ്ടി അത് സംഘടിപ്പിക്കുക തന്നെ ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 24 ന് വീട്ടിനടുത്ത ക്ഷേത്രത്തില്‍ വിവാഹം നടന്നു, രാജേഷിനേയും മിനിയേയും അച്ചന്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്നു... വരണമാല്യവുമായി പൂജാരി ഓട്ടോക്ക് സമീപമെത്തി, ഓട്ടോറിക്ഷയില്‍ വെച്ച് നടക്കുന്ന ആദ്യത്തെ കല്യാണമായിരിക്കമിത്..!!! അങ്ങിനെ രാജേഷ് 2010 മാര്ച്ച് 24 ന് ബുധനാഴ്ച മിനിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയിരിക്കുന്നു.....
ഇത്രയും കുറിച്ചുകൊണ്ടിരിക്കുന്നതിനിടയിലതാ രാജേഷിന്‍റെ ഫോണ്‍ വിളി...... “മിനിയുടെ ചോറും കറീമൊക്കെ, നല്ല ടേസ്റ്റാ.. ഹെന്തൊരു രുചിയാണെന്നോ...ചേട്ടാ, എനിക്കവള്‍ മതിയാവോളം ചോറ് വായില്‍ വെച്ച് തരും ...” അതെ രാജേഷിന്‍റെ ശബ്ദത്തില്‍ നിന്നെനിക്കു മനസ്സിലാവുന്നു അവന്‍ അനുഭവിക്കുന്ന സന്തോഷവും സംതൃപ്തിയും എത്രയാണെന്ന്.....!!!!!!

കൂട്ടരേ........ കാര്യങ്ങള്‍ നല്ല നിലയില്‍ മുന്നോട്ട് പോവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം... പക്ഷേ, ധീരമായ ഒരു തീരുമാനമെടുത്ത മിനിക്കും, രാജേഷിനും പല പ്രതിസന്ധികളും തരണം ചെയ്യേണ്ടതായുണ്ട്. പരമ ദരിദ്രരായ അവരുടെ ഒന്നാമത്തെ പ്രശ്നം സാമ്പത്തികം തന്നെയാണ്. ഈ കാര്യത്തില്‍ ചെറിയ സഹായം നല്‍കാന്‍ നമുക്കാവില്ലേ..? മിനിയോട് തയ്യല്‍ പഠനം പൂര്‍ത്തിയാക്കാന്‍ പറഞ്ഞിട്ടുണ്ട്. പ്രിയ ബ്ലോഗ് സുഹൃദ്സമൂഹമേ,..! ഈ നുറുങ്ങിനാല്‍ സാദ്ധ്യമാവുന്ന കൊച്ചു സഹായങ്ങള്‍ ചെയ്തു തുടങ്ങി അത് വളരെ ചെറിയ രീതിയില്‍ മാത്രം..... അണ്ണാറക്കണ്ണനും തന്നാലായത്... ബ്ലോഗുലകത്തിന്‍റെ സഹകരണം ആ “നവദമ്പദികള്‍ക്കായി” നിര്‍ലോഭം നല്‍കുമല്ലോ... പ്രതീക്ഷയോടെ

ഒരു നുറുങ്ങ്.

അക്കൌണ്ട് നമ്പര്‍ :

RAJESH.C,

SB A/C 13030100067968

FEDARAL BANK,

KIDANGOOR.

KOTTAYAM.

123 comments:

 1. വായിച്ചപ്പോ സന്തോഷായി.. :)
  മിനിക്കും രാജേഷിനും എന്റെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകും തീര്‍ച്ച

  ReplyDelete
 2. മിനിയുടെ നിശ്ചയധാര്‍ഡ്യത്തിനു സലാം, നല്ല ജീവിതത്തിനു ആശംസകള്‍ നേരുന്നു.

  ReplyDelete
 3. രാജേഷിന്‍റെ ആദ്യ സംസാരം കേട്ടപ്പോള്‍ ഇയാള്‍ എന്തെ ഇങ്ങനെ സംസാരിക്കുന്നു എന്ന് തോനിപ്പോയി ..! തുടര്‍ന്ന വായനയില്‍ രാജേഷ് കണ്ണുകള്‍ നനയിപ്പിച്ചു. ഒരു ബ്ലൈഡ് കയ്യില്‍ കിട്ടിയിരുന്നു എങ്കില്‍ അവസാനിക്കുമായിരുന്ന ഒരു ജീവിതത്തിന് മിനിയിലൂടെ ഒരു പുതു ജീവന്‍ കിട്ടിയപ്പോള്‍ ഒരുപാട് സന്തോഷമായി.! രാജേഷിനും മിനിക്കും നന്മകള്‍ നേരുന്നു.!!

  ReplyDelete
 4. മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണ് കോരിയിടണമെന്നാണ്.അതിനാല്‍ ഞാന്‍ താങ്കളോട് ഒന്നും പറയുന്നില്ല.
  തളര്‍ന്ന ശരീരവും തളരാത്ത മനസ്സുമുള്ള രാജേഷിനെയും ഹാരൂണ്‍ സാഹിബിനെയും , തളരാത്ത ശരീരവും തളര്‍ന്ന മനസ്സുമുള്ള സാധാരണക്കാരായ ഞങ്ങള്‍ കണ്ടു പഠിക്കട്ടെ!!

  ReplyDelete
 5. ഉറച്ച തീരുമാനതോടെയുള്ള അവരുടെ അവരുടെ ജീവിതത്തില്‍ സന്തോഷിക്കുന്നതോടൊപ്പം
  എല്ലാ വിധ ആശംസകളും നേരുന്നു.

  ReplyDelete
 6. നുറുങ്ങിന് എന്റെ അഭിവാദ്യങ്ങള്‍.... താങ്കളുടെ നല്ല മനസ്സിന് ബ്ലോഗ് ലോകത്തിന്റെ പിന്തുണ കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.... മിനി ചെയ്തത് വളരെ വലിയൊരു കാര്യം തന്നെയാണ്.... മിനിക്കും രാജേഷിനും നല്ലൊരു ജീവിതത്തിനായി പ്രാര്‍ത്ഥിക്കട്ടെ.... ഹാറൂണ്‍ നിങ്ങളെ എങ്ങനെ മറക്കും...

  ReplyDelete
 7. വായിച്ചപ്പോൾ എന്തെഴുതണം എന്നറിയില്ല ഇരുവരുടേയും ജീവിതത്തിൽ ദൈവം ഇനിയുള്ള ദിനങ്ങൾ സന്തോഷം നിറഞ്ഞതാക്കി തീർക്കട്ടെ പ്രാർഥനയോടെ .....

  ReplyDelete
 8. ഞാന്‍ രാജേഷിനെ ഫോണില്‍ വിളിച്ചിരുന്നു, കുറേ സംസാരിച്ചു. ഒരൊറ്റ മുറിലാ അവര്‍ താമസം. വെപ്പും കിടത്തവും ഒക്കെ ആ മുറിയില്‍ തന്നെ. രാജേഷിന്റെ കല്യാണം ഇഷ്ട്ടപെടാത്ത അനിയന്‍ അവരോട് മിണ്ടാറില്ലാ, അനിയന്‍ ഇപ്പോ വേറെ ആണത്രേ താമസം . ഇനി ജീവിതം എങ്ങിനെ എന്ന വലിയ ചോദ്യ ചിഹ്ന്നത്തിനു മുമ്പില്‍ നിസ്സഹയനായി രജേഷും മിനിയും പ്രായമായ അച്ഛനും...........!!

  ReplyDelete
 9. മാഷേ,
  ഇതൊക്കെ കാണുമ്പോളാ സത്യത്തിൽ ബ്ലോഗിനോടൊരു ആദരവൊക്കെ തോന്നുന്നത്.. താങ്കളേ പോലുള്ളവരുടെ ഇച്ചാ ശക്തിക്ക് മുൻപിൽ ഒരായിരം പ്രണാമം.. ഒപ്പം രാജേഷിനും മിനിക്കും എന്റെ എല്ലാ ഭാവുകങ്ങളും..

  ReplyDelete
 10. തുടക്കത്തില്‍ രാജേഷിനോടല്പം നീരസം തോന്നിയെങ്കിലും പിന്നീട് മനസ്സിലായി അദ്ദേഹത്തിന്റെ അപ്പോഴത്തെ മാനസികാവസ്ഥ. ഒരു പക്ഷെ താങ്കളപ്പോള്‍ വിളിച്ചില്ലായിരുന്നുവെങ്കില്‍ അയാള്‍.. ...വേണ്ട ,എല്ലാം നല്ല വഴിക്കു തന്നെ വന്നല്ലോ.മിനിയുടെ വീട്ടുകാര്‍ പിന്നെ അടുത്തുവോ?.അവരെയും കൂടി ഒന്നു ശരിയാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ പിരിമുറുക്കം അല്പം കുറയുമായിരുന്നു.ഹാറൂണ്‍ ആ വഴിക്കെന്തെങ്കിലും നോക്കിയോ?

  ReplyDelete
 11. രാജേഷിനും മിനിയ്ക്കും എല്ലാ വിധ സൌഭാഗ്യങ്ങളും നേരുന്നു...

  ReplyDelete
 12. ജീവിതത്തില്‍ ഒരു മണിയ്ക്കൂര്‍ പോലും തള്ളിനീക്കാന്‍ പ്രാപ്തിയില്ലാതെ നില്‍ക്കുന്ന രാജേഷിന്റെ ജീവിതത്തില്‍ ചെറിയ ഒരു പ്രകാശ രശ്മിയായി മാറാനെങ്കിലും മിനിയ്ക്കു കഴിഞ്ഞിട്ടുണ്ട്. പക്ഷേ അതണയാതിരിയ്ക്കണമെങ്കില്‍ കഴിയും വിധത്തില്‍ നമ്മള്‍ സഹായിച്ചേ മതിയാവൂ. അത്രയ്ക്കു ഭീകരമാണ് അവരുടെ സാമ്പത്തികാവസ്ഥ. ദാരിദ്ര്യത്തിന്റെ പടുകുഴിയിലേയ്ക്ക് ആശംസകള്‍ ചൊരിഞ്ഞിട്ടു കാര്യമില്ലല്ലോ. സാമ്പത്തികമായി സഹായിയ്ക്കാന്‍ കഴിയുന്നവര്‍ തീര്‍ച്ചയായും അതുതന്നെ ചെയ്യണം. നാളെ നമുക്കും ഈ അവസ്ഥ വരാം. അനേകരെ സഹായിച്ച ബൂലോകര്‍ ഈ സാധുവിനെയും സഹായിയ്ക്കുമെന്നു കരുതുന്നു.

  ReplyDelete
 13. മിനിക്കും രാജേഷിനും എല്ലാ വിധ ആശംസകളും നേരുന്നു......

  ReplyDelete
 14. സുഹൃത്തുക്കളെ പ്രാര്‍ത്ഥനയോടൊപ്പം സഹായവും ചെയ്യണേ.

  ReplyDelete
 15. എന്ത്‌ എഴുതാൻ...

  ബൂലോകകാരുണ്യത്തെ ബദ്ധപ്പെട്ടുവോ?

  ReplyDelete
 16. ഞാന്‍ എന്തെഴുതും , കുറേനേരം ആലോചിച്ചു ; ...... അവസാനം ഞാന്‍ കുറേകൂടി നിശബ്ദനാകുന്നു . രാജേഷിനും നല്ല മനസ്സിന് ഉടമയായ മിനിക്കും അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ എന്ന് പടച്ചതമ്പുരാനോട് പ്രാര്‍ഥിക്കുന്നു .......‌

  ReplyDelete
 17. എന്തെഴുതണമെന്നറിയില്ല.
  പ്രാര്‍ഥനകള്‍..
  കഴിയുന്ന സഹായങ്ങളും...

  ഈ യൊരു പോസ്റ്റിനു
  haroon നു നന്ദി,
  വായിക്കണമെന്നു പറഞ്ഞ
  കൂതറ ഹാഷിമിനും.

  ReplyDelete
 18. മനസ്സറിഞ്ഞു പ്രാര്‍ഥിക്കുന്നു... ഇനിയും കളങ്കപ്പെട്ടിട്ടില്ലാത്ത നല്ല മനസ്സുകള്‍ക്കായി...

  ReplyDelete
 19. എന്തെഴുതണമെന്നറിയില്ല.വാക്കുകളല്ല,പ്രവര്‍ത്തിയാവും അനുയോജ്യം എന്നു വിശ്വസിക്കുന്നു....

  ReplyDelete
 20. *** നവദമ്പദികള്‍ക്ക് ആശംസകള്‍ ***

  ReplyDelete
 21. കൂതറ HASHIM,തെച്ചിക്കോടന്‍,ഹംസ, ഇസ്മാഈല്‍ കുറുമ്പടി, പട്ടേപ്പാടം റാംജി,thalayambalath,ഉമ്മു അമ്മാര്‍,വീണ്ടും കൂതറHASHIM, Manoraj,mohamed kutty മുഹമ്മദ്കുട്ടി,ശ്രീ,സലാഹ്,കൊട്ടോട്ടിക്കാരന്‍,Ramanika, ശാന്ത കാവുമ്പായി,കാക്കര-kakkara,sm sadique, മുഖ്താര്‍-udarampoyil,jayarajmurukkumpuzha, സുമെഷ്മേനോന്‍,കുഞൂസ് (Kunjuss ),ജീവി കരിവള്ളുര്‍ രാജേശിനും മിനിക്കും ആശംസകളര്‍പ്പിച്ചവര്‍ക്കും,ആശ്വാസം നല്‍കാന്‍ തയാറായവര്‍ക്കും/ഇവിടെ കമന്‍റാതെ എന്നെ ഫോണ്‍ വിളിച്ചു അവരെ സാമ്പത്തികമായി സഹായിക്കാന്‍ സന്നദ്ധത അറിയിച്ചവര്‍ക്കും നന്ദി.... കൂതറയും,കൊട്ടോട്ടിക്കാരനും ശാന്ത ടീച്ചറുമൊക്കെ പ്രകടിപ്പിച്ചത് പോലെ രാജേഷിനും മിനിക്കും അത്യാവശ്യം ജീവിച്ചുപോകാന്‍ ഒരു മാര്‍ഗമാണ്.. ബ്ലോഗുലകം അതേറ്റെടുക്കാന്‍ സന്നദ്ധരാവുമെന്ന ശുഭപ്രതീക്ഷയുണ്ടെനിക്ക്. സുഹൃത്തുക്കളേ,നമുക്കവര്‍ ഭാരമല്ല തന്നെ..!!

  ReplyDelete
 22. കണ്ണു നിറച്ച പോസ്റ്റ്.

  എന്നകൊണ്ടാവുന്നത് ഞാൻ ചെയ്യാം.

  എല്ലാവരും ഒത്തുചേർന്നാൽ ഒന്നും അസാധ്യമല്ല.

  ReplyDelete
 23. വായിച്ചപ്പോള്‍ ദുഖം തോന്നി.മിനിക്കും,രാജേഷിനും ഒരു നല്ല ജീവിതത്തിനായി പ്രാത്ഥിക്കുന്നു.

  ReplyDelete
 24. രാജേഷിനും മിനിയ്ക്കും നന്മകള്‍ നേരുന്നു ....

  ReplyDelete
 25. രാജേഷിനും മിനിക്കും ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാവട്ടെ. അവര്‍ക്കു വേണ്ടി ഇത്രയുമൊക്കെ ചെയ്യാന്‍ ശ്രമിക്കുന്ന ഹാറൂണിനും നല്ലതു വരട്ടെ.

  ഒരു നുറുങ്ങ്, ബൂലോകകാരുണ്യവുമായി ഒന്നു ബന്ധപ്പെടാമായിരുന്നു. അര്‍ഹരായവരെ സഹായിക്കാനായി എക്കൌണ്ട് തുടങ്ങി തുക പിരിച്ചെടുത്തു തുടങ്ങിയിട്ടുണ്ട്, എത്രത്തോളമായി എന്നു് കൃത്യമായി അറിയില്ലെങ്കിലും. തീര്‍ച്ചയായും നമുക്കു് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിക്കണം.

  ReplyDelete
 26. ആര്‍ദ്രമായ വാക്കുകള്‍ എന്നില്‍ മിഴിനീരുണ്ടാക്കി. എനിക്കഭിമാനം തോന്നുന്നു; ഹാരൂണ്‍ എന്റെ നാട്ടുകാരനായതില്‍. വാക്കുകളും വരികളും കൊണ്ട് ഹാരൂണ്‍ തിരിച്ചു കൊണ്ടുവന്നത് നമുക്ക് അന്യമാകുന്ന മനുഷ്യത്വ ത്തെയാണ്. അന്യന്റെ ഹൃദയ വേദന സ്വയം നീററ്ലാകുമ്പോഴാണ് നമ്മുടെ ജീവിതവും സ്വാര്‍തഥകമാകുന്നത് എന്ന ഓര്മ പ്പെടുത്ത്തല്‍ കൂടിയാണിത്.
  നന്ദി ഹാരൂണ്‍, ഒരുപാട് നന്ദി..

  പ്രിയ ഹാരൂണ്‍,

  "ഞാനും നിന്നെപ്പോലെ കിടപ്പിലാ...നാലു വര്‍ഷമായി കിടപ്പിലായിട്ട്. (പുതുതായി പരിചയപ്പെടുന്നവരോട്,എന്‍റെ അവസ്ഥ സാധാരണ മറച്ചു വെക്കാറാണ് പതിവ്)" എന്ന താങ്കളുടെ വരികള്‍ എന്നെ വേദനിപ്പിക്കുന്നു.
  പറയൂ, ഹാരൂന്റെ വിശേഷങ്ങള്‍ അറിയാന്‍ (demahumifer@gmail.com) കാത്തിരിക്കുന്നു.
  സ്നേഹത്തോടെ, Reffy.
  _________________________________________________
  www.refylines.blogspot.com

  ReplyDelete
 27. വായിച്ചപ്പോള്‍ കണ്ണ് നനയിച്ചു
  മിനി നല്ലൊരു മനസ്സിന്റെ ഉടമയാണ്
  മിനിക്കും രാജേഷിനും എല്ലാ നന്മകളും നേരുന്നു.

  ReplyDelete
 28. ശാരീരികമായി കഴിവില്ലാത്ത താങ്കളുടെ മുന്നില്‍ ഞാന്‍ വെറുമൊരു കീടം അല്ല അതിലും ചെറുതായിപ്പോവുന്നു. അല്ലെങ്കില്‍ സ്വയം ലജ്ജിച്ച് പോവുന്നു.

  പടച്ച തമ്പുരാന്‍ എല്ലാ അവയവങ്ങളും നല്ല രീതിയില്‍ ചലിപ്പിച്ച് ഈ ഭൂമിയില്‍ എന്നെയൊക്കെ നടത്തിയിട്ടും!?

  ദൈവം അവര്‍ക്ക് കരുത്ത് നല്‍കട്ടെ, ആമീന്‍.

  ReplyDelete
 29. ഭൂമിയിൽ ദൈവത്തിന്റെ പരീക്ഷണങ്ങൾക്ക് വിധേയരായി, ഭൂമിയിലെ സഹജീവികൾക്ക് പാഠം നല്കി പരലോകം പുല്കുക. അതാണ്‌ ദൈവ ഹിതം.അതിൽ വിജയിക്കുന്നവരാരൊ അവർക്കാണ്‌ സ്വർഗ്ഗവും.

  എന്റെ എല്ലാവിധ സഹകരണവും പ്രതീക്ഷിക്കാം.

  ReplyDelete
 30. jayan Evoor,jyo,Faizal Kondotty,Typistlഎഴുത്തുകാരി,
  (റെഫി),സിനു,OAB/ഒഏബി,യൂസുസ്പ...നിങ്ങളൊക്കെ
  ചൊരിഞ്ഞു തരുന്ന പ്രാര്‍ത്ഥനകളും,സഹകരണവാഗ്ദാനങ്ങളും നല്ല
  വാക്കുകളും ഒരിക്കലും അസ്ഥാനത്താവില്ല..! നിങ്ങളുടെയൊക്കെ
  വൃത്തത്തിലും പരിചയത്തിലുമുള്ളവരെയും ഇതില്‍ സഹകരിക്കാന്‍
  പ്രേരിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.

  ReplyDelete
 31. ഓ എനിക്ക് എല്ലാം നഷ്ട്പ്പ്പെട്ടുന്നു.
  എനിക്ക് എന്നെത്തന്നെ നഷ്ട പ്പെടുന്നു(വി.ജി.തമ്പി, തച്ചനറിയാത്ത മരം)
  രാജെഷിന്റെ ഈ അവസ്ഥയില്‍ നിന്നു രക്ഷപെടുത്തിയല്ലോ. നല്ലത്. മിനിക്ക് കൂപ്പുകൈ.
  സൈമണ്‍ ബ്രിട്ടോയുടെ ജീവിതത്തിലേക്കു ചെന്ന സീനാ ഭാസ്കറിനെ ഓര്‍ക്കുന്നു.
  രാജെഷിനെ എന്റെ എളിയ സഹായം തീര്‍ച്ച.

  ReplyDelete
 32. സ്നേഹത്തിനു ഇങ്ങനെയും ചില മുഖങ്ങളുണ്ടെന്ന് മനസ്സിലായി..........നമ്മുടെയൊക്കെ മനസ്സില്‍ ഒളിഞ്ഞു കിടക്കുന്ന നന്മയുടെയും കാരുണ്യത്തിന്റെയും കനലുകള്‍ പ്രകാശിപ്പിക്കാന്‍ ഈ ബ്ലോഗിന് കഴിയട്ടെ.......

  ReplyDelete
 33. വാസ്തവം പറഞ്ഞാല്‍ ഇത് വായിച്ചിട്ട് ഞാന്‍ വിസ്മയിച്ചുപോയി. മനുഷ്യഹൃദയം നന്മയാല്‍ ഉണ്ടാക്കിയതാണെന്ന എന്‍റെ സങ്കല്‍പ്പത്തിന്ന് ഇത് മറ്റൊരു ഉദാഹരണം. കാര്യങ്ങള്‍ ഭംഗിയായി കലാശിച്ചു. പ്രത്യാശയുടെ കിരണങ്ങള്‍ രാജേഷിന്നു മേല്‍ പതിച്ചു തുടങ്ങി. ആ വെളിച്ചം അണയാതെ നില നിര്‍ത്തണം. അതിന്ന് വേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കണം. പ്രധാന ഘടകം സാമ്പത്തികം തന്നെ. രാജേഷിന്നും 
  മിനിക്കും കഴിയുന്ന സാമ്പത്തിക സഹായം എല്ലാവരും ചെയ്യണേ. ഞാനും എന്നാല്‍ ആവത് ചെയ്യും. സഹായിക്കാന്‍ മനസ്ഥിതിയുള്ള പരിചയക്കാരോടും ഇവരുടെ അവസ്ഥ പറയുക. മാതൃഭൂമി വാരികയിലെ ബ്ലോഗനയില്‍ പ്രസിദ്ധീകരിക്കുന്ന പക്ഷം കൂടുതല്‍ ജനശ്രദ്ധ കിട്ടുമെന്ന് തോന്നുന്നു.

  ReplyDelete
 34. ജീവിതം എത്ര വിചിത്രം
  സഹായങ്ങള്‍ ഉണ്ടാകണം, ഉണ്ടാകും .

  ReplyDelete
 35. priya sahodaraa aadyamaai ningalude nalla manassine namikkunnu.swantham avastha marannukondu mattullavarude dukham thudachuneekkaan sramikkunna aa nalla manassu...minikkum rajeshinum bhaavukangal nerunnoo.ennaal kazhiyunna sahaayam nalkaam.
  vishu dinaashamsakal!!

  ReplyDelete
 36. ഇതുപോലുള്ളൊരു വിവാഹത്തില്‍ പങ്കെടുക്കണമെന്ന് തോന്നി വായിച്ച് വന്നപ്പോള്‍ . ബൂലോക കാരുണ്യത്തിന്റെ സെറ്റപ്പൊക്കെ നടന്നുകൊണ്ടിരിക്കുകയാണ്. അതൊന്ന് ശരിയായാല്‍ ഈ ദമ്പതികള്‍ക്കും സഹായം എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. അതിന് മുന്നേ എന്തെങ്കിലും ചെയ്യണമെങ്കില്‍ അതിനും എന്റെ ഒരു പങ്കുണ്ടാവും. ഇത് അവതരിപ്പിച്ചതിന് നന്ദി ചേട്ടാ.

  ReplyDelete
 37. ഹാറൂൻ, ചലന സ്വാതന്ത്രിയമില്ലാതെ കിടന്ന കിടപ്പിൽ താങ്കൾ ചെയ്യുന്ന ഈ പുണ്യത്തിനു പരമകാരുണികൻ അതിന്റേതായ ഫലം തരുമാറാകട്ടെ.അതോടൊപ്പം പ്രിയ ബൂലോഗമേ! കിടന്നകിടപ്പിൽ ഈകൊച്ചു നുറുങ്ങു ചെയ്യുന്ന സേവനം ഫലവത്താകാൻ ചലനസ്വാതന്ത്രിയം ഉള്ള നമ്മൾ ഒത്തു പിടിക്കേണ്ടേ?രാജേഷിനും മിനിക്കും അഭിനന്ദനങ്ങൾക്കു പകരം സാമ്പത്തിക സഹായം ആണു ആവശ്യമെന്നു കണ്ടു ആ വഴിയിൽ വ്യക്തിപരമായോ കൂട്ടായോ സഹായം എത്തിക്കാൻ കനിവുണ്ടാകണം. എന്നാലാവുന്നതു ഞാൻ ചെയ്യാം;എല്ലാവരും ഒരു ചെറിയ തുക ആയാലും പലതുള്ളി പെരു വെള്ളം ആകും എന്ന പ്രതീക്ഷയിൽ രാജേഷിനു അയച്ചു കൊടുക്കുവാൻ അപേക്ഷിക്കുന്നു.

  ReplyDelete
 38. മാഷേ.. ഇപ്പൊഴാ ഇതു വായിച്ചത്.

  വല്യൊരുകാര്യമാ മാഷ് ചെയ്തത്. ഒരാളെ ജീവിത്തിന്റെ പ്രതീക്ഷകളിലേക്ക് കൈപിടിച്ചുയര്‍ത്തിയില്ലേ...അതിന്റെ അനുഗ്രഹം എന്നുമുണ്ടാകും.

  ബൂലോഗകാരുണ്യം വഴിയുള്ള സഹായം നിരക്ഷരന്‍ പറഞ്ഞല്ലോ. അല്ലാതെയും പിന്തുണ തീര്‍ച്ചയായും ഉണ്ടാകും.

  ReplyDelete
 39. മാഷേ, നല്ലൊരു വിഷുക്കണിയും വിഷുഫലവും ആദ്യം നേരട്ടെ.പിന്നെ,ഒരു സംശയം.കോ.ബാങ്ക് മറ്റു ബാങ്കുകളുടെ ചെക്ക് മാറ്റുമ്പോള്‍ നല്ല തുക commission എടുക്കില്ലേ.ഏതെങ്കിലും നാഷണലൈസഡ് ബാങ്കാണെങ്കില്‍ online ആയി പണം മാറ്റാമായിരുന്നു.അതൊന്നു സജസ്റ്റ് ചെയ്തൂടെ?പിന്നെ തുക ഉപയോഗിച്ച് മിനിക്കെങ്കിലും സ്വന്തമായി ജോലി ചെയത് കുടുംബത്തേക്ക് വരുമാനമുണ്ടാക്കാനുള്ള ഒരു മാര്‍ഗ്ഗം വേണ്ടേ നമ്മള്‍ ചെയ്തുകൊടുക്കേണ്ടത്? അതിന് എന്താണ് ചെയ്യാന്‍ പറ്റുക?

  ReplyDelete
 40. എന്‍.ബി.സുരേഷ് , praveen raveendran , നിയ ജിഷാദ്,
  keraladasanuni , ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് , വിജയലക്ഷ്മി , ഉമേഷ് പിലിക്കോട് , നിരക്ഷരന്‍ ,sherriff kottarakara , kichu / കിച്ചു ,
  maithreyi....

  “രാജേഷിനേയും,മിനിയേയും” തേടി വന്നവര്‍ക്കെല്ലാം ഈ നുറുങ്ങിന്‍റെ
  വിഷുദിനാശംസകള്‍...വളരെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
  നല്‍കുന്നവര്‍ക്കും ,ആശംസകള്‍ നേര്‍ന്നവര്‍ക്കും നന്ദി...

  നിങ്ങളുടെയൊക്കെ സൌകര്യത്തിന് വേണ്ടി രാജേഷിന്‍റെ അക്കൌണ്ട്
  ഒണ്‍ലൈനാക്കാനുള്ള ശ്രമം നടത്താം..പാവപ്പെട്ട അച്ചന് ഈ ബേങ്കും
  ഇടപാടുകളുമൊന്നും അറിഞ്ഞേ കൂടാ...! അവരുടെ വിവാഹം
  കഴിഞ്ഞുടനെ തയാറാക്കിയ ഈ പോസ്റ്റ് ഇത്രയും വൈകിയത് അച്ചന്‍
  അക്കൌണ്ട് തുറക്കാന്‍ വൈകിയതു കാരണമായിരുന്നു.

  എന്തായാലും ബ്ലോഗുലകം ഈ ദൌത്യം ഏറ്റെടുക്കാന്‍ സന്നദ്ധരാവുന്നു
  എന്നതില്‍ ഈയുള്ളവന്‍ അങ്ങേയറ്റം സംതൃപ്തനാണു....

  രാജേഷിന്‍റെ കിടപ്പുമുറി ഒരുഭാഗം തുറന്ന് അവിടെ മിനിയേചര്‍ഷാപ്പ്
  നടന്ന് വരുന്നു..ഇത്തിരിപോന്നൊരു മുറുക്കാന്‍ കടപോലെ...!!
  അത്യാവശ്യക്കാര്‍ വന്ന് ഉള്ള സാധനങ്ങള്‍ സ്വയംസര്‍വീസായി എടുത്തു
  പൊയ്ക്കോളും..! വളരെ ചെറിയ വീടെന്ന് പറയാവുന്ന നാലുചുമരുള്ള
  സ്ഥലവിസ്തൃതി വെറും രണ്ട് സെന്‍റ്...!! ഈ വീട്ടിന്‍റെ ആധാരം
  പണയത്തിലും...തളര്‍ന്ന് കിടപ്പായത് കാരണം പലപ്പോഴും ജപ്തി
  ഭീഷണി തോറ്റ് പോയെന്ന് രാജേഷ് ചിരിച്ചുകൊണ്ട് മൊഴിയും..!!
  ആ കട ചെറുതായി വികസിപ്പിച്ചാല്‍ അവര്‍ ജീവിച്ചു പോവും.
  മിനിയുടെ തയ്യല്‍ പണി ഒരു താങ്ങാവും...രക്ഷപ്പെടട്ടെ അവര്‍....

  ReplyDelete
 41. ദൈവത്തിന്റെ പല പരീക്ഷണങ്ങള്‍ നിറഞ്ഞതാണല്ലോ നമ്മുടെ ഒക്കെ ജീവിതം, എന്നാലും നമുക്ക് മുന്നില്‍ ഒരു വഴി അടയുംബോള്‍ ദൈവം തന്നെ മറ്റൊരു വഴി തുറന്നു തരും..

  രാജേഷിന് നമ്മുടെ ഒക്കെ സഹായവും, ഒപ്പം തളരാതെ മുന്നേറാനുള്ള മനസും ഉണ്ടായാല്‍ തീര്‍ച്ചയായും സന്തോഷത്തോടെ മുന്നോട്ട് പോകാന്‍ കഴിയും..

  നമ്മള്‍ക്ക് ആകും വിദം അവരെ സഹായിക്കാം...

  ReplyDelete
 42. ഇരുവരുടേയും ജീവിതത്തിൽ ദൈവം ഇനിയുള്ള ദിനങ്ങൾ സന്തോഷം നിറഞ്ഞതാക്കി തീർക്കട്ടെ പ്രാർഥനയോടെ .....

  ReplyDelete
 43. നമുക്കുതന്നെ ബാങ്ക് അക്കൌണ്ടു ശരിയാക്കാമല്ലോ... അദ്ദേഹത്തിന്റെ പരിസരത്തെവിടെയെങ്കിലും ഒരു ബ്ലോഗര്‍ ഇല്ലാതിരിയ്ക്കുമോ..?

  ReplyDelete
 44. കൊട്ടോട്ടിക്കാരന്‍ അപ്പറഞ്ഞത് ശരിയാണല്ലോ. ഞാന്‍ എന്നോ ഒരു വിനോദ് നായര്‍ കിടങ്ങൂര്‍ എന്നു കണ്ടിരുന്നു. പക്ഷേ ബാക്കയൊന്നും ഓര്‍മ്മയില്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അദ്ദേഹത്തെ ഏല്‍പ്പിക്കാമായിരുന്നു. അതുമല്ലെങ്കില്‍ ഏറ്റുമാനൂര്‍, കോട്ടയം അവിടെയുള്ളവരായാലും മതിയായിരുന്നു...

  ReplyDelete
 45. നുരുങ്ങെ, വായിച്ചു ഒരേ സമയം വേദനയുടെയും ഒടുവില്‍ അല്പം സന്തോഷത്തിന്റെയും കണ്ണീര്‍ പൊഴിച്ചു. രാജേഷിനും മിനിയ്ക്കും എല്ലാ ആശംസകളും നേരുന്നു. അന്യാധീനപ്പെട്ട ആ ജീവിതത്തിനു അര്‍ത്ഥം നല്‍കിയ മിനിയ്ക്കും അതിനു പ്രേരണയായ നുരുങ്ങിനും എല്ലാ ഭാവുകങ്ങളും. ഏറ്റവും നല്ല കാര്യമാണ് നിങ്ങള്‍ ചെയ്തത്.

  മൈത്രേയി പറഞ്ഞപോലെ മിനിയ്ക്കെന്തികിലും ജോലി തരപ്പെടുത്തി അവരെ സ്വന്തം കാലില്‍ നില്ക്കാന്‍ സഹായിച്ചാല്‍ നന്നായിരുന്നു.

  ReplyDelete
 46. രാജേഷിന്റെ ബാങ്ക് അക്കൌണ്ടു നമ്പര്‍ ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
  RAJESH C
  SB A/C 13030100067968
  FEDERAL BANK,
  KIDANGOOR.
  KOTTAYAM.

  ReplyDelete
 47. കൊട്ടോട്ടിക്കാരന്‍-നന്നായി--എന്നാലും എസ്.ബി.റ്റിയോ ഒരു നാഷണലൈസ്ഡ് ബാങ്കോ ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു. ഇന്നലെ കിടങ്ങൂര്‍ക്കാരന്‍ വിനോദ് നായരെ ഗൗരീനാഥന്റെ കമന്റില്‍ നിന്നു മനസ്സിലാക്കി...പക്ഷേ അദ്ദേഹം ഇപ്പോള്‍ ഗള്‍ഫില്‍ എന്നാണ് പ്രൊഫൈല്‍ കണ്ടത്.....ഇനിയിപ്പോള്‍ അതൊന്നും വേണ്ടല്ലോ. മിനിക്ക് തയ്യല്‍ മെഷീന്‍ ഉണ്ടോ ആവോ....ഇക്കാലത്ത് നേരേ തുന്നിക്കൊടുത്താല്‍ ഇഷ്ടം പോല ബിസിനസ്സ് ഉറപ്പ്.
  എന്തായാലും ബ്ലോഗുന്നത് നന്നെന്ന് തോന്നുന്നു....ഇത്രയധികം സുമനസ്സുകളെ കാണാനായല്ലോ.....

  ReplyDelete
 48. രാജേഷിനും മിനിയ്ക്കും എല്ലാ വിധ സൌഭാഗ്യങ്ങളും നേരുന്നു...

  നുറുങ്ങേ...!! രാജേഷിന്റെ വിലാസം ഒന്ന് തന്നിരുന്നെങ്കിൽ നാട്ടിൽ പോകുമ്പോൾ ഒന്ന് നേരിട്ട് കാണാമായിരുന്നു.

  ReplyDelete
 49. ഇവരെ പരിചയപ്പെടുത്തിയതിനു നന്ദി നുറുങ്ങേ...

  ReplyDelete
 50. Prayers to all....
  This is fantastic!!
  No!!
  Humanity is not yet frozen!
  It is very much Alive....

  ReplyDelete
 51. Haroonka..........
  Enikkonnum varunnilla ...Parayaan...
  Entha Praya??!!
  Ithu Ningalke..Kazhiyooo..
  Padachavan...Oro Karyathinum Oro Ale Nischayikkunnu..
  Ithu Ningalude ....
  Ningalude Mathram....PRATHYEKA BLOOLOGAM..
  RAHMATHINTE...KARUNYATHINTE...SNEHATHINTE...
  KARUNAYUDE...NALLA MANASINTE....HRUDAYAMULLA...LOGAM!!!
  SWARGAM...URAPPAKUNNA VAZHI..
  ENIKKUM NALLA MANASSU UNDAKAN THANKAL
  DUAA CHEYYUNNUVENNATHU THANNE RAHMATH AANU.

  ReplyDelete
 52. വരാനിത്തിരി വൈകി. കഷമിക്കുക. ഈ പോസ്റ്റ് ഇപ്പോഴാണ്‌ കണ്ടത്. നന്മയുടെ ഉറവ വറ്റാത്ത കുറച്ചു പേരെങ്കിലും ഉണ്ടെന്നുള്ള അറിവ് ചാരിതാര്‍ത്ഥ്യം തരുന്നു.

  ബ്ലോഗ് തുടങ്ങിയതില്‍ ഇപ്പോള്‍ സന്തോഷം തോന്നുന്നു. അതുകൊണ്ടല്ലേ ഇക്കയെപോലെയുള്ള നല്ല മനുഷ്യരെ പരിചയപ്പെടാന്‍ സാധിച്ചത്. രാജേഷിനും, മിനിക്കും എന്റെ ആശംസകള്‍. എന്നെകൊണ്ടാവുന്ന സഹായം ഞാന്‍ ചെയ്യുന്നതാണ്.

  ReplyDelete
 53. ഒത്തിരിപ്പേര്‍ ആശംസകള്‍പറഞ്ഞും പ്രാര്‍ത്ഥന ചൊരിഞ്ഞും കടന്നുപോയിരിയ്ക്കുന്നു. ഒരു വലിയ തുകയല്ല, അത്യാവശ്യം വരുന്ന ഒരു സഹായമെങ്കിലും നമുക്കു ചെയ്തുകൊടുക്കേണ്ടതുണ്ട്. രാജേഷിന്റെ ബാങ്ക് അക്കൌണ്ടു നമ്പര്‍ ഒരുപാടുപേര്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് അക്കൌണ്ടു തുറന്നെങ്കിലും അധികമാരും മനസ്സു തുറന്നിട്ടില്ല. എത്ര ചെറുതായാലും തങ്ങളാല്‍ കഴിയുന്ന ഒരു സഹായം അവിടേയ്ക്കെത്തിച്ചാല്‍ അത് ഏറ്റവും വലിയ പുണ്യമാവും. നമുക്കൊക്കെ സങ്കല്‍പ്പിയ്ക്കാവുന്നതിലും എത്രയോ ദുരിതത്തിലാണ് അവര്‍ കഴിയുന്നത്. ഒരുപാടു കാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ബൂലോകര്‍ ഈ കുടുംബത്തെയും ബ്ലോഗ് പോസ്റ്റിലൊതുക്കരുതെന്ന് അപേക്ഷിയ്ക്കുന്നു.

  ReplyDelete
 54. Better correct to THE FEDERAL BANK LTD.....You cannot find federal bank in the drop down menu.similarly it's better if Rajesh's full address is there so that door no, street no,pincode etc can be entered.

  ReplyDelete
 55. ഈ കാരുണ്യപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്ന കൊട്ടോട്ടിക്കാരനും എന്റെ അഭിനന്ദനങ്ങള്‍.

  ReplyDelete
 56. കൊട്ടോട്ടിക്കാരന്റെ പോസ്റ്റ് വഴി ഇന്ന് മാത്രമാണിത് കാണുന്നത്. എന്നാലും വൈകി പോയിട്ടില്ല...എന്നുകരുതട്ടെ.

  സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വറ്റാത്ത ഉറവക്കു മുന്നില്‍ മിനിക്കും രാജേഷിനും ചിന്തകന്റെ സ്നേഹാശ്രുപൂക്കള്‍....

  സഹായിക്കാന്‍ പ്രോത്സാഹനം നല്‍കുന്നവര്‍ക്കും സഹായിച്ചവര്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍.

  ഹാറൂണ്‍ക്കാ
  ദൈവം അവന്റെ മഹത്തായ പ്രതിഫലം നല്‍കി താങ്കളെയും നമ്മെ ഏവരെയും അനുഗ്രഹിക്കുമാറകട്ടെ.

  ReplyDelete
 57. തീര്‍ച്ചയായും ഒരു നല്ല മനസ്സ്-
  ചില നല്ല മനസ്സുകള്‍

  ReplyDelete
 58. വൈകിയാണ് ഇവിടെ എത്തിയത്. മിനിക്കും രാജേഷിനും ഹാറൂന്‍ സാഹിബിനും പ്രാര്‍ഥിക്കുന്നു. വറ്റാത്ത കാരുണ്യത്തിന്റെ മനസ്സ് കാത്തുസൂക്ഷിക്കുന്ന സഹബ്ലോഗര്‍മാര്‍ക്ക് അഭിനന്ദനം. എന്റെ ബ്ലോഗില്‍ വരുന്നവരെകൂടി ഇതറിയിക്കാന്‍ അവിടെ ഒരു ലിങ്ക് നല്‍കുന്നു.

  ReplyDelete
 59. മിനി എന്ന പെണ്‍ കുട്ടി മനുഷ്യ മഹത്വത്തിണ്റ്റെ സോപാനങ്ങള്‍ കടന്നിരിക്കുന്നു. അവള്‍ ദാരിദ്യ്രവും കഷ്ടതകളുമാണ്‌ വരിച്ചിരിക്കുന്നത്‌. കാരണം രാജേഷ്‌ അതു രണ്ടുമാണ്‌.

  ജീവിത യാഥാര്‍ത്യങ്ങള്‍ വരെ കൂടുതല്‍ കരുത്തുള്ളവരാക്കി മാറ്റട്ടെ .. ഒപ്പം ആശംസകളും ..

  ReplyDelete
 60. മിനിക്കും രാജേഷിനും എന്റെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകും തീര്‍ച്ച !

  ReplyDelete
 61. ഹാരൂണ്‍ജി.....പോസ്റ്റ്‌ മുന്നേ തന്നെ വായിച്ചതാണ്. ഒന്നും ചെയ്യാതെ കമന്റിടേണ്ട എന്ന് കരുതി. എന്നാല്‍ കഴിയും പോലെ ചെയ്തിട്ടുണ്ട്. ഈ നല്ല ശ്രമത്തിനു ആശംസകള്‍.......സസ്നേഹം

  ReplyDelete
 62. മിനിയെ മനസ്സാ നമിക്കുന്നു. എത്ര പെണ്‍‌കുട്ടികള്‍ കാണും ഇത്ര സ്വാര്‍ത്ഥരഹിതരായിട്ട് !
  എനിക്ക് തിരുവനന്തപുരത്ത് ഉള്ള ഒരു SBTയില്‍ ആണ് അക്കൌണ്ട്. അവിടെ നിന്ന് രാജേഷിന്റെ ഫെഡറല്‍ ബാങ്കില്‍ ഉള്ള അക്കൌണ്ടിലേക്ക് മെയില്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റുമോ? അല്ലെങ്കില്‍ എന്താണ് വഴി എന്ന് പറഞ്ഞു തരൂ.

  ഈ പോസ്റ്റ് ഇട്ട ഒരു നുറുങ്ങിനും സര്‍വ്വ വിധമായ ഭാവുകങ്ങളും. ഈശ്വരന്‍ എന്നു കൂടെയുണ്ടാവും.

  ReplyDelete
 63. @ ഗീത-തീര്‍ച്ചയായും കഴിയും. online banking ചെയ്യാറില്ലേ. inter bank transfer-NEFT transfer ചെയ്യാം. ബാങ്കിന്റെ പേര്‍ The federal Bank എന്നു സെലക്ട് ചെയ്യണം. ഞാന്‍ ഇതിനു മുമ്പിട്ട കമന്റ് ഒന്നു നോക്കിക്കോളൂ.

  ReplyDelete
 64. മൈത്രേയിയുടെ മെയില്‍ ഐഡി ഒന്നു മെസേജ് ചെയ്യാമോ..?
  9400006000

  ReplyDelete
 65. enthinavo mashe...maithreyinair@gmail.com

  ReplyDelete
 66. വായിച്ചു കഴിഞ്ഞപ്പോ ചെറിയ ഒരു വേദനയും അതിലേറെ സന്തോഷവും. ലോകത് അവശേഷിക്കുന്ന നന്മയുടെ ഒരു തുണ്ട് ഞങ്ങള്‍ക്കും പകര്‍ന്നു നല്‍കിയതിനു ഒരുപാട് നന്ദി.രാജേഷിനും മിനിക്കും ഒരുപാടാശംസകള്‍.

  കിടന്ന കിടപ്പില്‍ ഒരുപാട് പേര്‍ക്ക് സഹായമെകുന്ന ഹാറൂന്‍ സാഹിബിനെ പറ്റി ഉപ്പ പറഞ്ഞു ഒരുപാട് കേട്ടിട്ടുണ്ട്.പ്രബോധനത്തില്‍ വായിക്കുകയും ചെയ്തു.പക്ഷെ ഇപ്പോഴാണ് 'ഒരു നുറുങ്ങു'മായി വരുന്നത് ആ ഹാറൂന്‍ സാഹിബു തന്നെയാണെന്നറിയുന്നത്.പടച്ചവന്‍ ഈ കര്‍മ്മങ്ങളെ നന്മയുടെ പുസ്തകത്തില്‍ എഴുതിച്ചേര്‍ക്കാന്‍ പ്രാര്‍ഥിച്ചു കൊണ്ട്.

  ReplyDelete
 67. എന്‍റെ പേനത്തുമ്പില്‍ ഇവിടെ ചേര്‍ക്കാന്‍ വാക്കുകളില്ല ...ഒരു വല്ലാത്ത ശ്വാസതടസം ....കണ്ണുകള്‍ നനയിച്ചു ഈ പോസ്റ്റ്‌ ..അവരോടൊപ്പം എന്‍റെ പ്രാര്‍ഥനകള്‍ ...താങ്കള്‍ക്കും ...മനുഷ്യത്തം വറ്റാതെ സ്വാര്‍ഥതയുടെ കലര്പ്പിലാത്ത സ്നേഹത്തിന്‍ നീരുറവ ഇന്നും വറ്റിയിട്ടില്ല എന്ന് തെളിയിക്കാന്‍ ഈ പോസ്റ്റ്‌ ഒന്നു മാത്രം മതി ...വാക്കുകള്‍ക്കപ്പുറം പ്രവര്‍ത്തനം വേണം ....എന്നാല്‍ പറ്റുന്ന സഹായം ഞാന്‍ എത്തിക്കാം ....ഈ പോസ്റ്റിനു , അതിന്റെ പിന്നിലെ ഉദ്ധേശ ശുദ്ധിക്ക് ദൈവം നിന്കളെ അനുഗ്രഹിക്കട്ടെ ...പ്രാര്‍ഥനകള്‍ ...ആശംസകള്‍ !!!

  ReplyDelete
 68. Allahu vinte anugrahathal inganeyulla bandhangal kettipadukkan haroon bhaikku mathrame sadikkukayullo...
  ezhuthan vakkukal kittunnilla..............


  prarthanakalode.
  faisal sll

  ReplyDelete
 69. വേദനിക്കുന്നവനേ വേദനയുടെ ആഴമറിയൂ.. കഴിയാവുന്ന സഹായം എല്ലാവരും ചെയ്യണം. അവര്‍ക്ക്‌ നന്‍മകള്‍ നേരാം.

  ReplyDelete
 70. "best blog post I've ever read"
  Hats off for your effort to share the plight of a needy person with the world through a very effective medium. I tried to call you to convey my feeling after reading this but you disconnected.
  I believe, a penny in his account may worth more than a few words as comments here.

  ReplyDelete
 71. പറയാന്‍ വാക്കുകളില്ല .... എന്റെ സഹായ സഹകരണം ഉണ്ടാവും. .. കൂടെ പ്രാര്‍ത്ഥനയും ....

  ReplyDelete
 72. പറയാന്‍ വാക്കുകളില്ല ...  thantethlaattha karaNatthal vazhiiyil thaLarnnu poyavarodu niii ottakkalla , thaangan njanngaLuDu
  enn paRayaan ii avasaram

  ReplyDelete
 73. എന്തെഴുതണം എന്നറിയില്ല!! രാജേഷിനും മിനിക്കും എല്ലാവിധ ആശംസകളും നേരുന്നു,പ്രാര്‍ത്ഥനയോടെ !!!!!!!!!
  പ്ര്യിയ ഹാരൂന്‍ താങ്കള്‍ക്ക് ഒരായിരം നന്ദി

  ReplyDelete
 74. പ്രിയ ഹരൂണ്‍ സാഹിബ്, തങ്ങളുടെ സേവനങ്ങള്‍ക് ദൈവം ഇരു ലോകത്തും തക്കധായ പ്രതിഫലം നല്‍കട്ടെ . കാരുണ്യം ഇനിയും വറ്റാത്ത മനുഷ്യര്‍ ഈ ലൂകത്തു ഉള്ളത് കൊണ്ട് ഭൂമി നില നിന്ന് പോകുന്നു . താങ്ങള്‍ മുന്ബെപ്പയോ ഇതു പോലെ ഒരു ഖലിലിനെ കുറിച്ച് എഴുതിയത് ഓര്‍കുന്നു . അതും തങ്ങളുടെ ബ്ലോഗില്‍ വീണ്ടും കുരിചെങ്ങില്‍ നന്നായിരുന്നു .
  രാജേഷിനു വേണ്ട ചെറിയ സഹായം ഇന്ഷാ അല്ലഹ് ചെയ്യും .
  പ്രാര്‍ഥനയോടെ
  തമീം - അജ്മാന്‍ - യു എ ഇ

  ReplyDelete
 75. സിനിമയിലല്ലാതെ മിനിയെപ്പോലെ ഒരാളെ പരിചയപ്പെട്ടിട്ടില്ല.അവിശ്വസനീയം!!

  ഹാറൂണിക്കാ...ഒഎബി പറഞ്ഞ വാക്കുകളല്ലാതെ മറ്റെന്താണ് ഹാറൂണിക്കാ എന്നെപ്പോലുള്ളവര്‍ക്ക് കമന്‍റാനാവുക ?

  "പടച്ച തമ്പുരാന്‍ എല്ലാ അവയവങ്ങളും നല്ല രീതിയില്‍ ചലിപ്പിച്ച് ഈ ഭൂമിയില്‍ എന്നെയൊക്കെ നടത്തിയിട്ടും!?

  ദൈവം അവര്‍ക്ക് കരുത്ത് നല്‍കട്ടെ, ആമീന്‍."

  ReplyDelete
 76. പ്രാര്‍ഥനകള്‍..
  കഴിയുന്ന സഹായങ്ങളും...

  ReplyDelete
 77. ഹാറൂണിക്കാ,
  രാജേഷിന്റെ പ്രതീക്ഷ് വറ്റിയ ജീവിതത്തിന് താങ്ങും, തണലും, വെളിച്ചവുമായി എത്തിയ മിനിയ്ക്ക് അഭിനന്ദനങ്ങൾ....! ഏതവസ്ഥയിലും മിനിയുടെ മനസ്സിനു കരുത്തുണ്ടാവട്ടെയെന്നും കാരുണ്യവും സ്നേഹവും നിറയട്ടെയെന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു…. മിനിക്കും രാജേഷിനും എല്ലാവിധ നന്മകളും നേരുന്നു….
  ഇവരുടെ സ്നേഹം ബ്ലോഗ് വായനക്കരിലേക്കെത്തിച്ചതിന് എന്റെ പ്രിയപ്പെട്ട ഹാറൂൺക്കാക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു….

  ReplyDelete
 78. ഹാരൂണ്‍ക്കാ,
  അസ്സലാമു അലൈകും.
  താങ്കളുടെ സ്വന്തം വേദനകള്‍ക്കിടയിലും മറ്റുള്ളവരുടെ വേദനകള്‍ കാണാന്‍ കഴിയുന്നത്‌ ചെറിയ കാര്യമല്ല.
  മിനിയേയും,രാജേഷിനെയും,താങ്കളെയും ദൈവം അനുഗ്രഹിക്കുമാരാകട്ടെ.

  ReplyDelete
 79. പ്രിയ ഹാരൂൺ,
  സ്വന്തം വേദനകൾക്കിടയിലും മറ്റുള്ളവരുടെ വേദനകൾ തലോടിമാറ്റുന്ന താങ്കളെ പ്രണമിക്കുന്നൂ
  എത്രയും വേഗം മിനിക്കും രാജേഷിനും സഹായം എത്തിക്കുന്നതാണ് കേട്ടൊ

  ReplyDelete
 80. താല്‍ക്കാലിക സഹായങ്ങളെക്കാള്‍ സ്ഥിര വരുമാനമുള്ള ഒരു ജോലി ആണ് മിനിക്ക് ആവശ്യം.ചിന്തകള്‍ ആ വഴിക്ക് കൂടി നീങ്ങട്ടെ. രാജേഷിനും മിനിക്കും എല്ലാ പിന്തുണയും.

  ReplyDelete
 81. എന്താണ് പുതിയ പൊസ്റ്റുകൾക്ക് ഇത്ര ക്ഷാമം?

  ഒരെണ്ണം ഇങ്ങോട്ടു കാച്ചിയേ

  ReplyDelete
 82. എന്റേതായി ഒരു കൊച്ചു സഹായം ഇന്ന് രാജേഷിന് അയച്ചിട്ടുണ്ട്. കിട്ടിയോ ഇല്ലയോ എന്ന് അറിയാന്‍ പറ്റിയാല്‍ നന്നായിരുന്നു. രാജേഷ് ഇപ്പോള്‍ തിരുവനന്തപുരത്തായതുകൊണ്ട് കോട്ടയത്ത് ചെന്ന് കാണാമെന്ന സൌകര്യം ഇല്ല. തിരുവനന്തപുരം ഭഗത്തേക്ക് പോകുന്നുണ്ടെങ്കില്‍ രാജേഷിനെ കാണുന്നതായിരിക്കും.

  ReplyDelete
 83. പ്രിയപെട്ട ഹാറൂണ്‍.
  പുതിയ പോസ്റ്റുകളൊന്നും കാണുന്നില്ല. പുതിയ പോസ്റ്റിട്ടാല്‍ രാജേഷിന്റെ റിപ്പോര്‍ട്ട്‌ താഴെ പോകുമെന്നുള്ളതു കൊണ്ടാണോ..?.
  അങ്ങനെയാണെങ്കില്‍ അത് പ്രശ്നമാകേണ്ട. രാജേഷിന്റെ റിപ്പോര്‍ട്ട് അവിടെ തന്നെ നില നിര്‍ത്തി അതില്‍ താങ്കളുടെ പുതിയ പോസ്റ്റിലേക്ക് ലിങ്ക് കൊടുത്താല്‍ മതി....
  പോസ്റ്റുകള്‍ മുടങ്ങേണ്ട..
  സസ്നേഹം .....

  ReplyDelete
 84. thannks God.great really. let us help them.thank u haroon.

  ReplyDelete
 85. കറങ്ങിക്കറങ്ങി അങ്ങനെയിവിടെ എത്തി. രജേഷിനും മിനിയ്ക്കും ഹൃദയംഗമമായ ആശംസകള്‍.

  ReplyDelete
 86. ഹറൂണിക്കാ, ശാന്തേച്ചിയുടെ പോസ്റ്റ് വഴിയാണ് താങ്കളെക്കുറിച്ച് മനസ്സിലാക്കിയത്. എന്റെ ബ്ലോഗില്‍ ഫോളോ ചെയ്തിട്ടുപോലും താങ്കളെ അറിയാന്‍ വൈകിയതില്‍ മാപ്പ്.
  ഞാന്‍ ഒരു കണ്ണൂരുകാരനായതില്‍ അഭിമാനിയ്ക്കുന്നു;താങ്കളും കണ്ണൂരുകാരനായതിനാല്‍.
  ഞാനുമുണ്ട് താങ്കളോടൊപ്പം.
  സസ്നേഹം

  ReplyDelete
 87. (ഹറൂണിക്കാ, ശാന്തേച്ചിയുടെ പോസ്റ്റ് വഴിയാണ് താങ്കളെക്കുറിച്ച് മനസ്സിലാക്കിയത്. എന്റെ ബ്ലോഗില്‍ ഫോളോ ചെയ്തിട്ടുപോലും താങ്കളെ അറിയാന്‍ വൈകിയതില്‍ മാപ്പ്. )  ബിജുവിന്റെ ഇതേ വാകുകളാണ് എനിക്കും. കണ്‍ മുമ്പിലുള്ള അങ്ങയെ അറിയാന്‍ മറ്റൊരു പോസ്റ്റ്‌ വേണ്ടി വന്നുന്ന് ഓര്‍കുമ്പോള്‍ മനസ് വിങ്ങുന്നു. ക്ഷമിക്കാന്‍ പറയാന്‍ പോലും ഞാന്‍ അശക്തനാണ്. എന്റെ ബ്ലോഗിലും ഫോളോ ചെയ്തിരുന്നല്ലോ.

  ഇന്‍ശാ അല്ലാഹ് . എന്നും കൂടെയുണ്ടാകും. അങ്ങേയ്ക്ക് എന്ത് വേണമെങ്കിലും ആവശ്യപെടാം.

  രാജേഷിനും മിനിക്കും എന്നാല്‍ കഴിയുന്ന സഹായം ഉടനെ ചെയ്യാം ട്ടോ.

  ReplyDelete
 88. നിരക്ഷരന്‍ പറഞ്ഞത് എനിക്കും തോന്നിയിരുന്നു. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത് എന്നുള്ളതുകൊണ്ട് ചോദിക്കാന്‍ മടി. വിളിച്ചു ചോദിക്കുന്നത് അല്‍പ്പത്തരമെന്ന് മനസ്സ്. എന്നാല്‍ വല്ലവര്‍ക്കും മാറിപ്പോയില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ചുമതലയെന്ന് യുക്തി.
  രാജേഷ് തിരു.വരാന്‍ പോകുന്നല്ലേ ഉള്ളു...വന്നു കഴിഞ്ഞുവോ?

  ReplyDelete
 89. രാജേഷ്‌ നും മിനിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു

  ReplyDelete
 90. പ്രിയ ബൂലോഗ സഹോദരങ്ങളേ...
  രാജേഷിനും മിനിക്കുമായി നിങ്ങളൊക്കെ പകര്‍ന്ന് നല്‍കിയ
  സഹായസഹകരണങ്ങളും,സാന്ത്വനങ്ങളും വളരെ മഹത്തരമത്രെ!
  അവരിരുവരുടെയും സന്തോഷം നിങ്ങളേവരെയും അറിയിക്കട്ടെ..

  പ്രിയരേ,
  ജൂണ്‍ ഒന്നാം തിയതി മുതല്‍ രാജേഷിനെ തിരുവനന്തപുരത്തെ
  ആയുര്‍വേദാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു.ഉഴിച്ചില്‍,ധാര
  തുടങ്ങിയ ചില രീതികള്‍ ചെയ്തു വരുന്നു.മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ചികിത്സ നമ്മുടെ സഹജീവി ഡോ:ജയന്‍ ഏവൂര്‍
  സ്വയം ഏറ്റെടുക്കുകയായിരുന്നു ! ഈ 38 വയസ്സിനിടയില്‍
  രാജേഷിന്‍ ആദ്യമായാണ്‍ ഇപ്രകാരമൊരു ചികിത്സ ലഭ്യമാവുന്നത്
  എന്ന് നാമറിയുക ! രാജേഷിന്‍ ഈ കടുത്ത രോഗം ഭേദമാവാനും
  മറ്റു പ്രയാസങ്ങളും,പ്രതിസന്ധികളും എളുപ്പമായിത്തീരാനും വേണ്ടി
  നമുക്ക് പ്രാര്‍ത്ഥിക്കാം.

  ഇതു വരെയായി അകൌണ്ടില്‍ മുപ്പതിനായിരത്തോളം രൂപായാണ്‍
  നിക്ഷേപമായി ലഭിച്ചത്.ഇനിയും ചില ഓഫറുകളുണ്ട്...അവര്‍ക്ക്
  ജീവിക്കാനൊരു ഏര്‍പ്പാട് ഉണ്ടാക്കേണ്ടതുണ്ട്.ഒരു മാന്യബ്ലോഗര്‍
  രാജേഷിനും കുടുംബത്തിനും സ്വന്തമായൊരു കൊച്ചുവീടാവുന്നത്
  വരേയുള്ള വാടക വഹിക്കാമെന്ന് വാക്ക് നല്‍കിയിട്ടുണ്ട്.

  ഇനിയും നിങ്ങളുടെയൊക്കെ സഹായസഹകരണങ്ങള്‍
  പ്രതീക്ഷിക്കുന്നു...
  സസ്നേഹം,
  ഹരൂണ്‍
  ----------------------
  രാജേഷിന്‍റെ ഫോണ്‍ നമ്പര്‍ :
  9744120828

  ReplyDelete
 91. നന്മ നിറഞ്ഞ ജീവിതം ആശംസിക്കുന്നു ...രാജെഷിനും,മിനിക്കും,പിന്നെ...പ്രിയപെട്ട നുറുങ്ങിനും.....

  ReplyDelete
 92. നുറുങ്ങില്‍ തിളങ്ങുന്ന മിനുങ്ങു വെട്ടം ആശയറ്റവര്‍ക്കുള്ള വഴികാട്ടിയാണെന്ന് തിരിച്ചറിയാന്‍ വൈകി. ശാന്ത ടീച്ചറുടെ ബ്ലോഗ് വായിച്ചപ്പോളാണ്'ആളെ പിടികിട്ടിയത്. വിധി വിലക്കുകളില്‍ തളരാതെ ഉള്ളില്‍ പടരുന്ന തീ സഹജീവികള്‍ക്കു വെളിച്ചമാക്കി മാറ്റുവാനുള്ള മഹാമനസ്കതയെ നമിക്കുന്നു. ഏല്പിക്കുന്ന ദൌത്യം സത്യസന്ധമായി നിറവേറ്റുമെന്നുള്ള സര്‍വ്വശക്തന്റെ വിശ്വാസമല്ലെ പരീക്ഷണങ്ങള്‍ക്കു വിധേയനാക്കി ദൈവത്തിന്റെ ദൂതനാക്കിയത്'. എല്ലാം വൈകിയാണറിഞ്ഞത്'.സുഹ്രുത്തുക്കളിലൂടെ, ബാബു ഭരദ്വാജിലൂടെ, ഇപ്പോള്‍ ബ്ലോഗിലൂടെ താങ്കളെ വീണ്ടും അടുത്തറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം .ഓര്‍മ്മയുണ്ടോ എന്നറിയില്ല. താങ്കള്‍ എനിക്കു നല്ല പുസ്തകങ്ങള്‍ വായിക്കുവാന്‍ തന്നിട്ടുണ്ട്. താങ്കളുടെ സ്ഥാപനത്തിന്റെ മുന്‍പിലൂടെ കടന്നു പോകുമ്പോള്‍ മാന്യതയും സ്നേഹവും ആദരവും തുളുമ്പുന്ന വെളുത്ത് സുന്ദരമായ താങ്കളുടെ രൂപം ഇപ്പൊഴും അവിടെ കാണാറുണ്ട്. താങ്കളെ ഒന്നു വിളിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. കഴിയുന്നില്ല.അതെന്താണെന്നു ചോദിച്ചാല്‍ എനിക്കറിയില്ല. താങ്കളുടെ ദൌത്യവും പ്രാര്‍ത്ഥനയും കൊണ്ട് രാഗേഷിന്റെയും മിനിയുടെയും ജീവിതം പൂത്തു തളിര്‍ക്കട്ടെ.
  നന്മകള്‍ നേരുന്നു.

  ReplyDelete
 93. രാജേഷേട്ടനും..., മിനി ചേച്ചിക്കും.... പിന്നെ ഈ കഥ തുറന്നു കാട്ടിയ നല്ല മനസ്സായ ഹാരൂണ്‍ ചേട്ടനും... എന്നും നന്മ വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു... ഒരു നല്ല ജീവിതം അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു... ആത്മാര്‍ഥമായി തന്നെ....

  ReplyDelete
 94. തീർച്ചയായും ശ്രമിക്കാം പ്രിയപ്പെട്ട സഹോദരാ.. മിനിക്കു മനക്കരുത്തിനായി പ്രത്യേക പ്രാർത്ഥന.

  ReplyDelete
 95. ഹരൂണ്‍ഭായ് - സലാം.
  രാജേഷിനും, മിനിക്കും എല്ലാ വിധ നന്മകളും, വിജയാശംസകളും നേരുന്നു.

  ReplyDelete
 96. നുറുങ്ങേ, മാതൃഭൂമി ബ്ലോഗനയിൽ,രാജേഷിന്റെയും മിനിയുടെയും കഥ അച്ഛടിച്ചു വന്നതിൽ ഏറേ സന്തോഷിക്കുന്നു. ലോകം അറിയേണ്ട രണ്ടുപേരാണല്ലോ അവർ.
  അവരെ ലോകത്തിനു മുൻപിൽ കൊണ്ടു നിർത്തിയ താങ്കൾക്ക് ഒരു പൂച്ചെണ്ട്.

  എന്താണ് പുതിയ എഴുത്തില്ലാത്തത്?

  ReplyDelete
 97. ചേട്ടാ ... മാതൃഭൂമിയില്‍ വന്നോ ? എങ്കില്‍ വളരെ നന്നായി. കൂടുതല്‍ പേര്‍ അറിയാന്‍ ഇടയാകുമല്ലോ. രാജേഷ്‌ ഇപ്പോള്‍ കോട്ടയത്ത്‌ തിരിച്ചെത്തിയോ ?

  ReplyDelete
 98. oru classical touchu...undallo...masheeeeeeeeeeeeeeeeeeeeeeeeeeeeeee

  ReplyDelete
 99. This comment has been removed by the author.

  ReplyDelete
 100. എന്താ പറയുക എന്ന് അറിയില്ല ..കണ്ണുകള്‍ നിറഞ്ഞു പോയീ
  മിനിയെ നമിക്കുന്നു....സ്നേഹത്തിന്റെ മുഖം....ദൈവം അനുഗ്രഹിക്കും
  അവരെ മാത്രമല്ല ,,,ഇത്രയും നല്ലൊരു മനസിന്റെ ഉടമയായ ഹരൂണിനെയും..
  തീര്‍ച്ചയായും എന്റെ സഹായം അധികം വൈകാതെ രാജേഷിനു കിട്ടും.....
  വൈകിയാണെങ്കിലും ഇവിടെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞല്ലോ...നന്ദി...

  ReplyDelete
 101. ഇതൊര്‍ മഹാസംഭവം തന്നെ ! മാതൃഭൂമിയിലെ ബ്ലോഗനപംക്തി
  വായിച്ച് ഇവിടെ വന്നതാണ്‍.ഒരു നുറുങ്ങിനും രാജേശ്-മിനി
  ദമ്പതികള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കുന്നവര്‍ക്കുമായി
  ഞാന്‍ മനസ്സറിഞ്ഞ് പ്രാര്‍ഥിക്കുന്നു....

  ReplyDelete
 102. ഇക്കാ
  രാജേഷിന്റെ വിഷേശങ്ങള്‍ വായിച്ചു.എന്നിട്ട് ഞാന്‍ ഉപ്പാക്കും ഉമ്മാക്കും വായിച്ചു കെടുത്തു.
  ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വളരെ സങ്കടമായി. ഞാന്‍ ഉപ്പായെട് പറഞ്ഞു എന്തെങ്കിലും കെടുക്കണ മെന്ന് കെടുക്കാമെന്ന് പറഞ്ഞിട്ടുണ്ട് .

  ReplyDelete
 103. പ്രിയ ഹാറൂണിക്കയോട് മാപ്പപേക്ഷയോടെ, ഒരു സഹോദരന്റെ സഹായഭ്യര്‍ത്ഥന ഇവിടെ കൊടുക്കുന്നു. നിങ്ങളുടെയെല്ലാം കാ‍രുണ്യഹസ്തം അങ്ങോട്ടുകൂടി നീണ്ടിരുന്നെങ്കില്‍..
  ഈ യുവാവിനെ സഹായിയ്ക്കുമോ

  ReplyDelete
 104. കണ്ണു നിറഞ്ഞു പോയി..
  എഴുതാൻ വയ്യ ഹാറൂൺ..
  രജേഷിനും, മിനിക്കും എല്ലാ ഭാഗ്യവും നേരുന്നു

  ഹാറൂണിന്റെ നല്ല മനസ്സിന്റെ കൂടെ ദൈവം എന്നും ഉണ്ടാവട്ടെ

  ReplyDelete
 105. ഈ ബ്ലോഗ് ഇപ്പോഴാണു കാണുന്നത്.
  രാജേഷിനും, മിനിക്കും,ഈ വിവരങ്ങള്‍
  ബൂലോഗത്തെ അറിയിക്കുന്ന ഹരൂണിനും
  നന്മകള്‍ ആശംസിക്കുന്നു.

  ReplyDelete
 106. Hope seen varika. If not here is the link. bank a/c no given. Pray they would get some more monetary help.

  ReplyDelete
 107. രാജേഷിനും മിനിയ്ക്കും എല്ലാ വിധ സൌഭാഗ്യങ്ങളും നേരുന്നു...

  ReplyDelete
 108. ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് ഈ ബ്ലോഗ് കാണുന്നത്.ഏന്റെ വീടിന്റെ പണി നടത്തിയ നിലയിലും ഇപ്പോള്‍ ഞങ്ങളുടെ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ കീഴില്‍ ഒരു വീട് നിര്‍മ്മിച്ചു കൊടുക്കുന്ന നിലയിലും അതിന്റെ ബുദ്ധിമുട്ടുകള്‍ നന്നായി അറിയുന്നു.തീര്‍ച്ചയായും എന്റെ സഹായം വാഗ്ദാനം ചെയ്യുന്നു (ഇന്‍ഷാ അല്ലാഹ്)

  ReplyDelete
 109. haroonka
  mattullavarude vishamangal ariyumbol nammudethonnumallannu manasilakunu

  ReplyDelete
 110. സ്നേഹിക്കപ്പെടുക എന്നതൊരു മഹാഭാഗ്യമാണു.സ്നേഹിക്കുക എന്നത് ഒരു മഹാ പുണ്യവും.. ഹാറൂനിക്ക സ്നേഹിക്കുകയായിരുന്നു..

  ReplyDelete
 111. ഹാറൂണിക്കയെ പരിചയപ്പെടാന്‍ സാധിച്ചതിലും , ഇക്കായോടു സംസാരിക്കാന്‍ സാധിച്ചതിലും അതിയായ സന്തോഷം ഉണ്ട് ...ആദ്യായാ ഞാന്‍ ഇക്കാടെ ബ്ലോഗ്ഗ് വായിക്കണേ മനസ്സില്‍ തൊട്ട എഴുത്ത് ..!!
  രാജേഷിനും, മിനിക്കും,അവരുടെ കുഞ്ഞിനും നന്മ നിറഞ്ഞ ജീവിതം ആശംസിക്കുന്നു ...!!

  ReplyDelete
 112. പരിചയപ്പെട്ടതില്‍ സന്തോഷം. ആരോഗ്യവും ആയസ്സും നല്‍കി നാഥന്‍ അനുഗ്രഹിക്കട്ടെ.

  ReplyDelete
 113. ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ....!!

  ReplyDelete