കണ്ണൂര്‍ നഗരത്തിന്‍റെ ബഹളത്തില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറി നില്‍ക്കുന്ന കണ്ണാടിപ്പറമ്പ്
എന്ന കൊച്ചുഗ്രാമം.ജീവിതം കരുപ്പിടിപ്പിക്കാന്‍ പ്രതീക്ഷയോടെ ഉത്സാഹിക്കുന്ന
പത്തൊമ്പത്കാരന്‍ നാണം കുണുങ്ങിപ്പയ്യന്‍,തനി നാട്ടിന്‍പുറത്ത് കാരന്‍-അഷ്റഫ്.
പഠനം നിലച്ചതില്‍ പിന്നെ അല്ലറചില്ലറ ജോലികളൊക്കെ ചെയ്ത് ജീവിതം മുന്നോട്ട്
കൊണ്ട്പോവുമ്പോഴാണ്‍ ആകസ്മികമായി ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത്.അഷ്റഫിന്‍റെ
മാത്രമല്ല,ഒരു കുടുംബത്തിന്‍റെ തന്നെ നട്ടെല്ലാണ്‍ അതോടെ തകര്‍ന്നത് !
ഒരു സാധാരണ സായാഹ്നം.വീട്ടിലെത്താനിനി ഏതാനും കാലടികള്‍ കൂടിയേ ബാക്കിയുള്ളു.
അയല്പക്കത്തെ അമ്മയെ കണ്ട് ഒന്ന് കുശലം പറഞ്ഞു പിരിയാന്‍ നേരം,അവരാവശ്യപ്പെട്ട
പ്രകാരം ഉണങ്ങിവീഴാറായ തെങ്ങോല വലിച്ചിടാനായി ഉയരം കുറഞ്ഞ ഭിത്തിയില്‍ കയറി
ഓലത്തുമ്പത്ത് കൈചേര്‍ത്തുപിടിച്ച് വലിച്ചത് മാത്രം അഷ്റഫ് ഓര്‍ക്കുന്നു !
പിന്നെ,ഓര്‍മ്മ തിരിച്ച്‍വരുന്നേരം അഷ്റഫ് കണ്ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ
തീവ്രപരിചരണ വിഭാഗത്തിലെ കട്ടിലില്‍ തളര്‍ന്ന് കിടക്കുന്നു ! മൂന്ന് ദിവസത്തിന്‍ ശേഷം
വിദഗ്ദ്ധചികിത്സക്കായി മണിപ്പാല് കസ്തുര്‍ഭാ മെഡിക്കല്‍ കോളെജിലും...മൂന്നു മാസം
അവിടെ കഴിഞ്ഞപ്പോള്‍ ഒരു കാര്യം ബോദ്ധ്യമായി : ഇനിയൊരിക്കലുമവന്‍ നേരെയൊന്ന്
എഴുന്നേറ്റ്നില്‍ക്കാനോ പഴയത്പോലെ ഓടിച്ചാടി നടക്കാനോ സാദ്ധ്യമാവില്ലെന്ന യാഥാര്‍ത്ഥ്യം!
അവിടെ അഷ്റഫിന്‍ പ്രിയങ്കരനായ ഒരു മലയാളി ഡോക്ടറുണ്ട്.കൊച്ചിക്കാരനായ ചാക്കോ.
ആ നല്ലവനായ ഡോക്ടരെക്കുറിച്ചോര്‍ക്കുമ്പോള്‍ അവന്‍റെ കണ്ണുകള്‍ക്ക് തിളക്കമേറും,മുഖം
കൂടുതല്‍ പ്രശോഭിതമാവും ! അങ്ങിനെ ഒരുപാടോര്‍മ്മകള്‍ ഈ നാല്പതാമത്തെ വയസ്സിലും
അഷ്റഫ് കൊണ്ടുനടക്കുന്നു..വേസ്റ്റ് ബെല്‍റ്റിന്‍റെ സപ്പോര്‍ട്ടില്‍ ആദ്യമായി പിടിച്ചിരുത്തിയത്
ദിവസങ്ങള്‍ കഴിഞ്ഞ് ട്വില്‍റ്റ് ടേബളില്‍ ശരീരമാകെ വരിഞ്ഞുകെട്ടി പയ്യെപ്പയ്യെ നേരെ
നിര്‍ത്തിയത്,അങ്ങിനെ മെല്ലെ വീല്‍ചെയറിലേക്ക് ഇരുത്തിയതുമൊക്കെ..അത്രയുമായപ്പോള്‍
വീല്‍ചെയറിലിരുന്ന് മണിപ്പാല്‍ കോളെജിന്‍റെ പൂമുറ്റവും തെളിഞ്ഞ ആകാശവും വൃക്ഷങ്ങളും
കണ്ടപ്പോള് ,വീല്‍ചെയറിനൊപ്പം ക്രമാനുഗതമായി തന്റ്റെ ജീവിതവും ചലിച്ചുതുടങ്ങിയെന്ന്
തോന്നി.ഭൂമിയുടെ കവാടത്തിലെത്തിയ പ്രതീതി !
സ്ട്രെച്ചറില്‍ കിടന്ന്കൊണ്ട്പോയ അഷ്റഫങ്ങിനെ നാലുമാസത്തിന്‍ ശേഷം വാഹനത്തില്‍
ഇരുന്ന്കൊണ്ട് വീട്ടിലെത്തി.തന്‍റെ ആഗമനം കാത്തിരിക്കുന്ന പ്രിയമാതാവ്,കടുത്ത ദു:ഖം
കടിച്ചിറക്കി അയല്പക്കത്തെ അമ്മ,കൊച്ചുപെങ്ങള്‍..തനിക്കിനി നടക്കാനാവില്ലെന്ന സത്യം
അവരെയൊന്നും അറിയിച്ചിരുന്നില്ലാ,ഒന്ന് രണ്ടാഴ്ചകൊണ്ട് ശരിയാവുമെന്നാണല്ലൊ അവനും
ആദ്യഘട്ടത്തില്‍ കരുതിയിരുന്നത് !
ആശുപത്രിയിലെ ചികിത്സാവേളയില്‍ കടന്ന് വരാതിരുന്ന ഒരുപാട് വേവലാതികളും
പ്രയാസങ്ങളും,വീട്ടിലെത്തിയ അഷ്റഫിനെ സദാ അലട്ടിത്തുടങ്ങി.ഭാവിയെക്കുറിച്ചുള്ള
കടുത്ത ആശങ്കയും വഴിമുട്ടിനില്‍ക്കുന്ന ജീവിതപ്രതിസന്ധിയും തന്നെ തുറിച്ച്നോക്കുന്നു.
എന്തൊക്കെയോ തന്‍റെ മുമ്പില്‍ ഉരുണ്ട് കൂടുന്നു..ഒരു കെട്ടുപിണച്ചില്‍,ഇരുട്ടും വെളിച്ചവും
തിരിച്ചറിയാന്‍ കഴിയുന്നില്ല..എന്തൊക്കെയോ ഒരു മരവിപ്പ്.കൊടുവാള്‍കൊണ്ട് വെട്ടി
മുറിച്ചാലും വേദനയെന്തെന്നറിയാതെ മരവിച്ച്പോയ അരക്ക്താഴെ എവിടെയൊക്കെയോ
കടുത്ത നീറ്റല്‍ ! കാല്പാദങ്ങളിലൂടെ അരക്കെട്ടുകളിലേക്ക് ശക്തമായ വിങ്ങലും പൊള്ളലും
ഇരച്ചുകയറുന്നു..ഒരുവേള തന്‍റെ മനസ്സും മരവിച്ചേക്കുമോ....?
നാളുകള്‍ എണ്ണാന്‍ തുടങ്ങി,നിമിഷങ്ങള്‍ക്ക് ദൈര്‍ഘ്യമേറുന്നു.മണിക്കൂറുകളും നാളുകളും
ആഴ്ചകളും ഇഴയുന്നു.ജീവിതത്തിന്‍ വിഷമങ്ങളുടേതായ ഒരേ താളം.എപ്പോഴും ജീവിതം
ഇനിയെങ്ങിനെ മുന്നോട്ട് നയിക്കുമെന്ന ചിന്തമാത്രം! കായികാദ്ധ്വാനപ്രധാനമായ
ഏത് തരം ജോലികളും നിശ്പ്രയാസം ചെയ്തിരുന്ന തനിക്ക് നേരാം വണ്ണം ഇരിക്കാന്‍
പോലുമാവാതെ എന്ത് ചെയ്യാനാവുമിനി..? അപ്പോഴാണ്‍ മുമ്പൊരു രസത്തിന്‍ വേണ്ടി
പഠിച്ച്പോയ ബീഡിനിര്‍മാണം എന്ത്കൊണ്ടാവില്ല എന്ന ചിന്ത വരുന്നത്.ഉമ്മയോട്
ഈ ബീഡിക്കാര്യം പറയേണ്ടതാമസം,ബീഡിക്കമ്പനിയില്‍ ചെന്ന് അതിന്‍റെ ചേരുവകള്‍
സംഘടിപ്പിച്ചു.ഒന്നിനും വയ്യാത്ത അഷ്റഫ് ചുമരില്‍ ചാരിയിരുന്ന് ബീഡിയില മുറിക്കാന്‍
ശ്രമിച്ചു തുടങ്ങി..അങ്ങിനെ നിരന്തരപരിശ്രമത്തിനൊടുവില്‍ ഈ പ്രക്രിയ വിജയംകണ്ടു.
അഷ്റഫും ഉമ്മയും കൊച്ചുപെങ്ങളും കൂടി ദിനേന 40 രൂപ കൂലിയിനത്തില്‍ തുടങ്ങി
നാളുകള്‍ കഴിഞ്ഞപ്പോഴേക്കും,ദിനേന 200 രൂപവരെയായി ഉയര്‍ന്നു.
ജീവിതം ചെറിയ രീതിയില്‍ പച്ചപിടിച്ചു തുടങ്ങി.ഇപ്പോള്‍ വീല്‍ചെയറിന്‍റെ കറക്കത്തിലും
ഒരു താളം അനുഭവിക്കാനാവുന്നു അഷ്റഫിന്‍.എന്നാലും മുഷിപ്പുണ്ടാക്കുന്ന ഈ ബീഡി
നിര്മാണം വിട്ട് മറ്റു വല്ലവരുമാന മാര്‍ഗ്ഗവും കണ്ടെത്താനാവുമോ എന്ന ചിന്തയാണ്‍
അഷ്റഫിന്‍റെ മനസ്സ് നിറയെ.ഒരുപാട് സാദ്ധ്യതകള്‍ ഉണ്ട് എങ്കിലും അതിനുള്ള
മുടക്ക്മുതലില്ലാ എന്നതാണല്ലൊ തന്നെ അലട്ടുന്ന വിഷയം.
പലപ്പോഴും അഷ്റഫ് ഫോണിലെന്നോട് ഈ കാര്യത്തെക്കുറിച്ചൊക്കെ സംസാരിക്കും.
അങ്ങിനെയാണ്‍ 'കോഴിവളര്ത്തല്‍ 'തുടങ്ങാനുള്ള സാദ്ധ്യതയെക്കുറിച്ച ചിന്ത ഞങ്ങള്‍
പങ്ക് വെക്കുന്നത്.ആദ്യ ശ്രമമെന്ന നിലക്ക് പെങ്ങള്‍ കണ്ണൂര്‍ മുണ്ടയാട് കോഴിവളര്‍ത്തല്‍
കേന്ദ്രത്തില്‍ പരിശീലനം നേടുകയും,തുടര്‍ന്ന് വളരെ ചെറിയ രീതിയില്‍ കോഴികളെ
വളര്‍ത്തി തുടങ്ങുകയുമായിരുന്നു.ക്രമേണ നല്ലരീതിയില്‍ ഈ കൂട്ടായ പരിശ്രമം വിജയം
കണ്ടുതുടങ്ങി.ഇപ്പോള്‍ അഷ്റഫ് വീല്‍ചെയറിലിരുന്ന് കൊണ്ട്തന്നെ ഈ തൊഴില്‍
നന്നായി മാനെജ് ചെയ്യുന്നു.വീട്ട്മുറ്റത്ത് സ്ഥാപിച്ചിരുന്ന ഷെഡ് ഇപ്പോള്‍ ഒന്ന് കൂടി
വിപുലീകരിച്ചു.അതിലിപ്പോള്‍ നിറയെ കോഴികളും അവയുടെ നിലക്കാത്ത
കോലാഹലങ്ങളുമാണ്‍ !
ഇപ്പോള്‍ സ്ഥിരമായി ചില കച്ചവടക്കാര്‍ക്ക് കോഴികളെ വിതരണം ചെയ്യാനാവുന്നുണ്ട്.
കോഴിത്തീറ്റയുടെ കവിഞ്ഞവിലയും മറ്റുചിലവുകളുമൊക്കെ കൂടുന്നതിനാലും കച്ചവടത്തില്‍
ഇടയ്ക്കൊക്കെ ലാഭം കുറഞ്ഞ്പോവുന്നെങ്കിലും അഷ്റഫ് ഇപ്പോള്‍ സംതൃപ്തിയോടെ
ജീവിക്കുന്നു,പരാതികളൊ പരാധീനതകളൊ ഒന്നുമില്ലാതെ !
കണ്ണൂര്‍ക്കാരായ ചില പ്രവാസി കുടുംബിനികളെ നന്ദിപൂര്‍വം സ്മരിക്കാതെ ഈ കുറിപ്പ്
അവസാനിപ്പിക്കാനെനിക്കാവില്ല.അബുദാബിയില്‍ വീട്ടമ്മമാരായി കഴിയുന്ന മഹതികളാണ്‍
അവര്‍.സ്കൂള്‍ അവുധിക്ക് നാട്ടിലെത്തിയപ്പോള് അവര്‍ ഈയുള്ളവനോട്,നട്ടെല്ലിന്‍ ക്ഷതം
സംഭവിച്ച് ജീവിക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ ചികിത്സക്കും പുനരധിവാസത്തിനുമായി കുറച്ച്
സംഖ്യ കയ്യിലിരിപ്പുണ്ടെന്നറിയിച്ചു.ഈ മാന്യവനിതകളുടെ സഹായസഹകരണമാണ്‍
അഷ്റഫിനും കുടുംബത്തിനും ഉപജീവനത്തിന്‍ നിമിത്തമായത് !
അഷ്റഫിന്‍ ഇപ്പോള്‍ വലിയ മോഹങ്ങളൊന്നുമില്ല.പഴയ വീടൊക്കെ പുതുക്കിപ്പണിതു.
എന്നാലൊരു മോഹം കൂടിയുണ്ടെന്ന് അവന്‍റെ മനസ്സറിയുന്ന ഈ നുറുങ്ങിനറിയാം.
അവനെ നന്നായി സ്നേഹിക്കാനും,സേവിക്കാനും കഴിയുന്ന ഒരു തുണയെ കൂടി ലഭിക്കണം
എന്നാണ്‍ അവന്‍റെ വൃദ്ധമാതാവിനേയും സുഹൃത്തുക്കളേയും പോലെ ഈ ഒരു നുറുങ്ങിന്‍റേയും
മോഹം ! അതും വൈകാതെ സാദ്ധ്യമാവുമെന്ന് എനിക്കുറപ്പുണ്ട്,നിങ്ങളുടേയൊക്കെ
മനസ്സറിഞ്ഞ പ്രാര്‍ഥനയുണ്ടാവുമെന്ന ഉറപ്പാണത്!!!